തെഹ്റാന്: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന സൈനിക കമാന്‍ഡറുടെ ഖബറടക്കല്‍ ചടങ്ങനിടെ ഇറാന് നഗരമായ കെര്‍മാനില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. 48 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ച കൊല ചെയ്യപ്പെട്ട ഖുദ്സ് ബ്രിഗേഡ് തലവന്‍ ഖാസിം സുലൈമാനിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിനു പേരാണ് കെര്മാനിയില് തടിച്ചുകൂടിയത്.
നിരവധി പേര് റോഡില്‍ മരിച്ചു കിടക്കുന്നതും ആളുകള്‍ സഹായിക്കാന്‍ ശ്രമിക്കുന്നതും ഇവിടെനിന്നുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവ സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും 32 പേര് മരിച്ചതായി നേരത്തേ ഇറാനിലെ അടിയന്തിര വൈദ്യസേവന മേധാവിയായ പിര്‍ഹോസീന്‍ കൊലിവന്ത് വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഖബറടക്കല്‍ ചടങ്ങ് മാറ്റിവച്ചതായാണ് റിപോര്‍ട്ട്.
ഇന്നലെ തെഹ്റാനില്‍ നടന്ന വിലാപയാത്രയില്‍ പത്തു ലക്ഷത്തിലധികം പേരാണ് സംബന്ധിച്ചത്. പ്രധാന പാതകളിലും ഇടത്തെരുവുകളിലും പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട സൈനികന് അന്ത്യോപചാരം അര്‍പ്പിക്കാനായി ഒത്തുകൂടിയത്.
Content Highlights: Dozens killed in stampede at Soleimani’s funeral: Iran state TV