Wednesday, January 26, 2022
HomeNewsInternationalഐഎസിനെതിരേ എന്ന പേരില്‍ കാബൂളില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടത് 7 കുട്ടികള്‍ ഉള്‍പ്പെടെ...

ഐഎസിനെതിരേ എന്ന പേരില്‍ കാബൂളില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണം; കൊല്ലപ്പെട്ടത് 7 കുട്ടികള്‍ ഉള്‍പ്പെടെ 10 സിവിലിയന്‍മാര്‍

കാബൂള്‍: ആഗസ്ത് അവസാനം കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികള്‍ ഉള്‍പ്പെടെ 10 സിവിലിയന്‍മാരാണെന്ന് സമ്മതിച്ച് അമേരിക്ക. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മെക്കന്‍സീ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് ഖുറാസാന്‍ പ്രോവിന്‍സ്(ഐഎസ്‌കെപി) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, വിശദമായ പരിശോധനയില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 10 സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതായി മെക്കന്‍സി പറഞ്ഞു.

ഇരകളുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നതായി യുഎസ് ജനറല്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തില്‍ ഒഴിപ്പിക്കല്‍ നടക്കുന്നതിനിടെ ആക്രമണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് മെക്കന്‍സി അവകാശപ്പെട്ടു.
General Frank McKenzie

അതൊരു അബദ്ധമായിരുന്നു. അതില്‍ ആത്മാര്‍ത്ഥമായ ഖേദം രേഖപ്പെടുത്തുന്നു. യുദ്ധത്തിന്റെ കമാന്‍ഡര്‍ എന്ന രീതിയില്‍ ആക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ ദുരന്തത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു- മെക്കന്‍സി പറഞ്ഞു. യുഎസ് ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.

ആഗസ്ത് 29ന് എയര്‍പോര്‍ട്ടിന് സമീപം ചാവേറാക്രമണം നടന്നതിന് പിന്നാലെയാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഐഎസ്‌കെപി ഉത്തരവാദിത്തം ഏറ്റെടുത്ത ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടിരുന്നു.

2 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍
യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നിരപരാധികളായ സിവിലിയന്‍മാരാണെന്ന് ആക്രമണം നടന്ന ഉടനെ, കൊല്ലപ്പെട്ടവരുടെ കുടുംബം അറിയിച്ചിരുന്നു. 2 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് ബന്ധുവായ അജ്മാല്‍ അഹ്‌മദി അല്‍ജസീറയോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, മാധ്യമ റിപോര്‍ട്ടുകളെല്ലാം തള്ളിയ പെന്റഗണ്‍ കൊല്ലപ്പെട്ടവര്‍ മുഴുവന്‍ ഐഎസ് പ്രവര്‍ത്തകരാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Most Popular