ഹോങ്കോങ്: ഹോങ്കോങിന് പിന്നാലെ നെതര്‍ലന്റ്സിലും ബെല്‍ജിയത്തിലും കോവിഡ് ഭേദമായവരെ വീണ്ടും രോഗം പിടികൂടിയതായി സ്ഥിരീകരിച്ചു. വൈറോളജിസ്റ്റുകളെ ഉദ്ധരിച്ച് ഡച്ച് ദേശീയ മാധ്യമമായ നോസ് ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഹോങ്കോങില്‍ നാലര മാസത്തിന് ശേഷം ഒരു പുരുഷനില്‍ വീണ്ടും രോഗം കണ്ടെത്തിയതായി ഈയാഴ്ച്ച സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെയാണ് ആശങ്കപ്പെടുത്തുന്ന പുതിയ റിപോര്‍ട്ട്.
രോഗം വീണ്ടും വന്ന ഡച്ചുകാരന് പ്രതിരോധ ശേഷി കുറഞ്ഞ പ്രായം കൂടിയ ആളാണ്. വൈറസ് ബാധിതരില്‍ ദീര്‍ഘനാള്‍ രോഗം നിലനിന്ന് വീണ്ടും വര്‍ധിക്കുന്നത് സാധാരണമാണ്. എന്നാല്‍, ഡച്ച്, ബെല്‍ജിയന്‍, ഹോങ്കോങ് കേസുകളില്‍ ഉണ്ടായതു പോലെ പൂര്‍ണമായും മാറി വീണ്ടും പ്രത്യക്ഷപ്പെടുന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് വൈറോളജിസ്റ്റ് മാരിയോണ്‍ കൂപ്മാന്‍ പറഞ്ഞു. രണ്ടാമത് ബാധിച്ച വൈറസും ആദ്യത്തേതും തമ്മില്‍ വ്യത്യാസം ഉണ്ടോ എന്നറിയാന്‍ ജനിതക പരിശോധന ആവശ്യമാണ്.
ഹോങ്കോങില്‍ മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
രോഗം വന്ന് ഭേദമായി മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത് ആദ്യമായി ഹോങ്കോങിലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരാളുടെ കേസ് കണക്കിലെടുത്ത് ഒരിക്കല്‍ രോഗം വന്ന് ഭേദമായ ആള്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമെന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത്തരത്തില്‍ ഒരു സംഭവം അപൂര്‍വമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഹോങ്കോങ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം രോഗബാധതനായിരുന്നപ്പോള്‍ ഇയാള്‍ 14 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. യാതൊരു രോഗലക്ഷണവും ഇല്ലാതിരുന്ന ഇയാള്‍ സ്പെയിനില്‍ നിന്നു തിരികെ എത്തവേ വിമാനത്താവളത്തില്‍ സക്രീനിങ്ങിനിടെ നടന്ന സലൈവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇയാളില്‍ നടത്തിയ ജീനോമിക് സീക്വന്‍സ് അനാലിസില്‍ രണ്ട് വൈറസും തമ്മില്‍ ചെറിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.
ആദ്യരോഗ ബാധയില്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡി ചെറിയ മാറ്റത്തോട് കൂടി വരുന്ന വൈറസിനെ പ്രതിരോധിക്കാന്‍ പര്യപ്തമല്ലെന്നാണ് വ്യക്തമാവുന്നത്. വൈറസ് രൂപം മാറി വന്നാല്‍ കോവിഡ് വാക്സിനിലൂടെ നേടുന്ന പ്രതിരോധ ശേഷിയും ഈ രീതിയില്‍ ഫലിക്കാതാവുമോ എന്ന ആശങ്കയാണ് ഉയരുന്നത്. അതേ സമയം, രോഗത്തിന്റെ രണ്ടാംവരവില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിമാക്കിയത് എന്നത് ആശ്വാസകരമാണ്.
Dutch, Belgian patients reinfected with coronavirus