Saturday, October 1, 2022
HomeBusinessസൂയസ് കനാലില്‍ കുടുങ്ങിയിരിക്കുന്നത് നാല് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള കപ്പല്‍; മണ്ണുമാന്തിയും തിരമാലകള്‍ പ്രയോജനപ്പെടുത്തിയും നീക്കാന്‍...

സൂയസ് കനാലില്‍ കുടുങ്ങിയിരിക്കുന്നത് നാല് ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള കപ്പല്‍; മണ്ണുമാന്തിയും തിരമാലകള്‍ പ്രയോജനപ്പെടുത്തിയും നീക്കാന്‍ ശ്രമം

കെയ്‌റോ: ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കു കടത്തു പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ നീക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. ആഴത്തില്‍ മണ്ണും ചെളിയും നീക്കുന്നതിന് പുറമേ തിരമാലകളുടെ ചലനവും പ്രയോജനപ്പെടുത്തിയാണ് കപ്പല്‍ വീണ്ടും വെള്ളത്തിലേക്കിറക്കാന്‍ ശ്രമിക്കുന്നത്. നാല് ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ കൂടുതല്‍ വലുപ്പമുള്ള എംവി എവര്‍ ഗിവണ്‍ എന്ന ചരക്കു കപ്പല്‍ ചൊവ്വാഴ്ച്ചയാണ് കനാലിന്റെ തെക്കന്‍ കവാടത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ കുടുങ്ങിയത്.

20,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യണം
ചരക്കുകപ്പല്‍ വലിച്ചുനീക്കാന്‍ സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റര്‍ മണല്‍ നീക്കം ചെയ്യേണ്ടതുണ്ടെന്ന് കനാല്‍ അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു. മണലും ചെളിയും നീക്കം ചെയ്യാനുള്ള കഠിനപ്രയത്‌നം തുടരുകയാണ്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള ബല്‍ബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതല്‍ 20,000 ഘനമീറ്റര്‍ വരെ മണല്‍ നീക്കേണ്ടതുണ്ട്. അതായത് ഒരു ഒളിംപിക് നീന്തല്‍ക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തിലുള്ള പ്രദേശത്തെ മണല്‍.

ജാപ്പനീസ് ഷിപ്പിങ് കമ്പനിയായ ഷോയി കിസെന്റെ ഉടമസ്ഥതയിലുള്ളതാണ് എവര്‍ ഗിവണ്‍ കപ്പല്‍. കപ്പലിന്റെ എന്‍ജിനോ മറ്റു ഭാഗങ്ങള്‍ക്കോ കേടുപാടില്ലെന്ന് കമ്പനി അധികൃതര്‍ ഇന്ന് വ്യക്തമാക്കി. തിരമാലകള്‍ അനുകൂലമായാല്‍ ഇന്ന് വൈകുന്നേരത്തോടെ കപ്പല്‍ നീക്കാന്‍ സാധിച്ചേക്കുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

വഴിയില്‍ കുടുങ്ങിയത് 200ലേറെ കപ്പലുകള്‍
ഇരുഭാഗത്തേക്കുമുള്ള 200ലേറെ കപ്പലുകളാണ് നിലവില്‍ വഴിമുടങ്ങിക്കിടക്കുന്നത്. ചരക്കു കപ്പല്‍ ഗതാഗതം മുടങ്ങിയത് ആഗോള വ്യാപര മേഖലയ്ക്കു തിരിച്ചടിയായി. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും സൂയസ് കനാല്‍ വഴിയാണ്. ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4.4 ശതമാനവും ഇതു വഴിയാണ്.

നാലിന പദ്ധതിയുമായി ഇന്ത്യ
രാജ്യാന്തര കപ്പല്‍ പാതയായ സൂയസ് കനാലില്‍ ചരക്കു കപ്പല്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ട സാഹചര്യം നേരിടാന്‍ നാലിന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. കപ്പലുകള്‍ വഴിതിരിച്ചു വിടുക, ചരക്കുകളുടെ മുന്‍ഗണന നിശ്ചയിക്കുക, നിലവിലെ ചരക്കുനീക്ക നിരക്ക് പാലിക്കുക, തുറമുഖങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
ALSO WATCH

Most Popular