ഫലസ്​തീനില്‍​ 15 വര്‍ഷത്തിനു ശേഷം തെരഞ്ഞെടുപ്പ്​ വരുന്നു

റാമല്ല: ഫലസ്തീനില്‍ ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷം തെരഞ്ഞെടുപ്പ് വരുന്നു. പാര്‍ലമെന്ററി, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ വര്‍ഷാവസാനം നടക്കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാര്‍ട്ടിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാകും തെരഞ്ഞെടുപ്പ്. 2006ല്‍ അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.

പുതിയ ഉത്തരവു പ്രകാരം നിയമനിര്‍മാണ സഭകളിലേക്ക് തെരഞ്ഞെടുപ്പ് മേയ് 22ന് നടക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 31നുമാകും. ഫലസ്തീനികളെ രാജ്യാന്തര തലത്തില്‍ പ്രതിനിധാനം ചെയ്യുന്ന ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ദേശീയ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒരു മാസം കഴിഞ്ഞ് ആഗസ്റ്റ് 31നാണ് നിശ്ചയിച്ചിട്ടുള്ളത്.

ഇസ്രായേല്‍ അധിനിവേശത്തില്‍നിന്ന് മോചനത്തിന് ശ്രമം നടത്തുന്നതിലും ഫലസ്തീന് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലും ഇതുവരെയും പ്രസിഡന്റ് എന്ന നിലയില്‍ മഹ്മൂദ് അബ്ബാസ് വന്‍ പരാജയമായിരുന്നു. 2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസ് ഭരണം ലഭിക്കാനും ഫതഹ് അധികാരം നഷ്ടപ്പെടാതിരിക്കാനും നടത്തിയ ശ്രമങ്ങള്‍ ഫലസ്തീനില്‍ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇസ്രായേല്‍ കടുത്ത ഉപരോധം നടപ്പാക്കിയിട്ടും ഗസ്സയില്‍ 2007 മുതല്‍ ഭരണം തുടരുന്നത് ഹമാസാണ്. ഉപരോധം ജനജീവിതം നരകതുല്യമാക്കിയിട്ടും ഇവിടെ പാര്‍ട്ടിക്കു തന്നെയാണ് ഇപ്പോഴും ജനപ്രീതി.