Tuesday, April 13, 2021
Home Gulf അല്‍ അറബിയ ചാനലിനെതിരായ കേസില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അനുകൂലമായി ബ്രിട്ടീഷ് കോടതി

അല്‍ അറബിയ ചാനലിനെതിരായ കേസില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അനുകൂലമായി ബ്രിട്ടീഷ് കോടതി

ദോഹ: 2017 ആഗസ്തില്‍ അല്‍ അറബിയ ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോക്കെതിരായ കേസില്‍ ബ്രിട്ടീഷ് കോടതിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന് അനുകൂലമായ വിധി. കേസില്‍ വാദം കേള്‍ക്കാനുള്ള ഇംഗ്ലീഷ് കോടതിയുടെ യോഗ്യതയ്‌ക്കെതിരേ അല്‍ അറബിയ ചാനല്‍ നല്‍കിയ ഹരജി 130 പേജ് വരുന്ന വിധി ന്യായത്തില്‍ കോടതി തള്ളി.

ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തൊട്ടുപിന്നാലെയാണ് അല്‍ അറബിയ ആനിമേഷന്‍ വീഡിയോ സംപ്രേക്ഷണം ചെയ്തത്. അതില്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തെ ഒരു യുദ്ധവിമാനം തടയുന്നതും വെടിവച്ചിടുന്നതുമാണ് കാണിക്കുന്നത്. ബ്രിട്ടനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി പേര്‍ കണ്ട വീഡിയോ ആയിരുന്നു ഇത്. സൗദി അറേബ്യ ഖത്തരി യാത്രാ വിമാനത്തെ ആകാശത്ത് വെടിവച്ചിടുമെന്ന മുന്നറിയിപ്പാണ് ഈ വീഡിയോ എന്നാണ് അന്ന് ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ വിശേഷിപ്പിച്ചത്.

യാത്രക്കാരെ ഖത്തര്‍ എയര്‍വെയ്‌സില്‍ നിന്ന് അകറ്റുന്നതിനുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണ് ഈ വീഡിയോ എന്നാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ നിലപാട്. ഖത്തര്‍ എയര്‍വെയ്‌സിനെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് വീഡിയോ എന്നാണ് മനസ്സിലാവുന്നതെന്ന് കോടതി കണ്ടെത്തി. കേസ് ദുബൈ കോടതിയിലേക്ക് മാറ്റണമെന്ന അല്‍ അറബിയയുടെ വാദം ബ്രിട്ടീഷ് കോടതി തള്ളി. യുഎഇ ഖത്തറിനെതിരേ ശത്രുതാപരമായ നിലപാട് തുടരുന്ന സാഹചര്യമാണ് തുടരുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.


 

Most Popular