Thursday, May 6, 2021
Home Gulf Bahrain യുഎഇയും ബഹ്‌റൈനും അടിയറ വച്ച കാര്യങ്ങളോട് യോജിച്ചാല്‍ 30 മണിക്കൂര്‍ കൊണ്ട് ഇസ്രായേലുമായി കരാറിലെത്താനാവുമെന്ന് ഫലസ്തീന്‍

യുഎഇയും ബഹ്‌റൈനും അടിയറ വച്ച കാര്യങ്ങളോട് യോജിച്ചാല്‍ 30 മണിക്കൂര്‍ കൊണ്ട് ഇസ്രായേലുമായി കരാറിലെത്താനാവുമെന്ന് ഫലസ്തീന്‍

വെസ്റ്റ് ബാങ്ക്: യുഎഇയും ബഹ്‌റൈനും അംഗീകരിച്ച കാര്യങ്ങള്‍ സമ്മതിച്ചിരുന്നെങ്കില്‍ ഇസ്രായേലുമായുള്ള പ്രശ്‌നം പരിഹരിച്ച് 30 മണിക്കൂര്‍ കൊണ്ട് താന്‍ കരാര്‍ ഒപ്പിടുമായിരുന്നുവെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗൈനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി സാഇബ് എറകാത്ത്.

യുഎഇയില്‍ നിന്നുള്ള ഒരാളുടെ ചോദ്യത്തിന് മറുപടിയായി ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. ഇസ്രായേലുമായി 30 വര്‍ഷം നടത്തിയ ചര്‍ച്ചയിലൂടെ എത്ര മീറ്റര്‍ ഫലസ്തീന് തിരിച്ചുകിട്ടി എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹോദരാ, അല്‍ അഖ്‌സ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കുന്നതിനെ ഞാന്‍ അംഗീകരിച്ചില്ല, അഭയാര്‍ഥികള്‍ക്ക് തിരിച്ചു വരാനുള്ള അവകാശം ഞാന്‍ വിട്ടുകൊടുത്തില്ല, വെസ്റ്റ് ബാങ്കിന്റെ 33 ശതമാനം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചില്ല. യുഎഇയും ബഹ്‌റൈനും അംഗീകരിച്ചതു പോലെ ഇതെല്ലാം അംഗീകരിച്ചിരുന്നെങ്കില്‍ 30 വര്‍ഷമല്ല, 30 മണിക്കൂര്‍ കൊണ്ട് ഇസ്രായേലുമായി കരാറിലെത്തുമായിരുന്നു- എറകാത്ത് പ്രതികരിച്ചു.

കരാറിന്റെ വിശദാംശങ്ങള്‍ പരിഭാഷപ്പെടുത്തി ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സാഇബ് എറകാത്ത് പറഞ്ഞു. യുഎഇയെയും ബഹ്‌റൈനെയും പിന്തുടരേണ്ടവര്‍ക്ക് സ്വന്തം താല്‍പര്യ സംരക്ഷണത്തിന് അതാവാം. ഫലസ്തീന്റെ കാര്യം അവിടത്തെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കുക. ദൈവ സഹായത്തോടെ ഫലസ്തീന്റെ അറബ് അസ്തിത്വം സംരക്ഷിക്കപ്പെടും. ഇസ്രായേലാണ് തങ്ങളുടെ സുഹൃത്ത് എന്ന് പ്രഖ്യാപിക്കാത്ത മുഴുവന്‍ അറബ് ജനതയുടെയും പിന്തുണ അതിനുണ്ടാവും.

1967ലെ അതിര്‍ത്തിയെക്കുറിച്ച് മിണ്ടാതെ യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടത് എങ്ങിനെയെന്ന് സഈബ് എറകാത്ത് ചോദിച്ചു.

Erekat: The UAE and Bahrain did not mention the 1967 borders

Most Popular