ലണ്ടന്‍: യുഎഇ തടവിലിട്ടിരിക്കുന്ന പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മറ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്. യുഎഇയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പ്രമേയം പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തിനാണ് പാസാക്കിയത്. 383 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 47 പേരാണ് എതിര്‍ത്തത്. 259 പേര്‍ വിട്ടുനിന്നു.
അഹ്‌മദ് മന്‍സൂര്‍, മുഹമ്മദ് അല്‍ റോക്കന്‍, നാസര്‍ ബിന്‍ ഗൈത്ത് എന്നിവരെ ഉടന്‍ നിരുപാധികം തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് രാജ്യത്തിന്റെ അന്തസ്സിനെ അപമാനിക്കുന്നു എന്നാരോപിച്ച് 2017ലാണ് 52കാരനായ മന്‍സൂറിനെ 10 വര്‍ഷത്തെ തടവിന് വിധിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ മന്‍സൂര്‍ ഏകാന്ത തടവിലാണെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആരോപിക്കുന്നു.
58 വയസ്സുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ അല്‍ റോക്കനും 10 വര്‍ഷത്തെ തടവിനാണ് ശിക്ഷിക്കപ്പെട്ടത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് 2013 ജൂലൈയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക വിദഗ്ധനും വിദ്യാഭ്യാസ വിചക്ഷണനുമായ ബിന്‍ ഗൈത്ത് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലാണ് 2017 മാര്‍ച്ചില്‍ അറസ്റ്റിലായത്. 10 വര്‍ഷത്തെ തടവാണ് അദ്ദേഹത്തിന് വിധിച്ചത്.
എക്‌സ്‌പോ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
മറ്റ് മനുഷ്യാവാകശ പ്രവര്‍ത്തകരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. യുഎഇയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങള്‍ ദുബൈ എക്‌സ്‌പോ ബഹിഷ്‌കരിക്കണമെന്ന് പാര്‍ലമെന്റ് ആഹ്വാനം ചെയ്തു. എക്‌സ്‌പോയ്ക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കണമെന്നും ആഹ്വാനമുയര്‍ന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീട്ടിവയ്ക്കപ്പെട്ട എക്‌സ്‌പോ ഒക്ടോബര്‍ 1ന് ആണ് ആരംഭിക്കുന്നത്.