Sunday, July 25, 2021
Home Gulf ജോർദാൻ നഗരമായ സാർക്കയിലെ സൈനിക വെയർഹൗസിൽ സ്ഫോടനം

ജോർദാൻ നഗരമായ സാർക്കയിലെ സൈനിക വെയർഹൗസിൽ സ്ഫോടനം

റിയാദ്: ജോർദാൻ നഗരമായ സാർക്കയുടെ പ്രാന്തപ്രദേശത്തുള്ള സൈനിക വെയർഹൗസിൽ സ്‌ഫോടനം. ഇന്ന് രാവിലെയാണ് ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം വൻ സ്‌ഫോടനമുണ്ടായത്. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള സായുധ സേനയുടെ വെയർഹൗസിൽ നിഷ്‌ക്രിയ മോർട്ടാർ ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്ന് മാധ്യമകാര്യ സഹമന്ത്രി അംജദ് അദൈലെ പറഞ്ഞു.

ഇവിടെ പൊളിച്ചുനീക്കികൊണ്ടിരിക്കുന്ന ഒരു ആയുധ ഡിപ്പോയിലാണ് സ്ഫോടനം ഉണ്ടായതെന്നും ആളപായമില്ലെന്നും കരസേന അറിയിച്ചു. ജനവാസകേന്ദ്രങ്ങളിൽ നിന്ന് വളരെ അകലെയാണ് സ്‌ഫോടനസ്ഥലം എന്നത് അപകടത്തിന്റെ തോത് കുറച്ചു. 30 കിലോമീറ്റർ ദൂരെ വരെ സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്.

സ്‌ഫോടനം നടന്ന പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി സിവിൽ ഡിഫൻസ് ടീമുകൾ അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചതായും അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടു.

Most Popular