അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അക്രമം തുടരവേ ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോറ്റതിന് ശേഷം ട്രംപ് നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും തെറ്റായ അവകാശവാദങ്ങള്‍ പങ്കുവെക്കുന്നത് തുടരുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളുടെ ഈ നീക്കം.
‘ഇതൊരു അടിയന്തിര ഘട്ടമാണ്.അതിനാല്‍ തന്നെ അനുയോജ്യമായ അടിയന്തിര നടപടികള്‍ ഞങ്ങള്‍ എടുക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി ഞങ്ങള്‍ ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു.’ – ഫേസ്ബുക് വൈസ് പ്രസിഡന്റ് ഗയ് റോസെന്‍ പറഞ്ഞു. അക്രമങ്ങള്‍ കുറക്കുന്നതിന് പകരം കൂട്ടുവാന്‍ മാത്രമേ ഇത്തരം ദൃശ്യങ്ങള്‍ ഉപകരിക്കൂവെന്നതിനാലാണ് അവ നീക്കം ചെയ്തതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റുകള്‍ തങ്ങളുടെ നയങ്ങള്‍ക്ക് എതിരാണെന്നും ഇനിയും തുടര്‍ന്നാല്‍ അക്കൗണ്ട് നീക്കം ചെയ്യേണ്ടി വരുമെന്നും ട്വിറ്റര്‍ പറഞ്ഞു.
അതേസമയം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു പറഞ്ഞു ട്രംപിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും 24 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചു. #StormTheCapitol എന്ന ഹാഷ്ടാഗും ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്തു
ട്രംപ് അനുകൂലികള്‍ അമേരിക്കയില്‍ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ ഈ നീക്കം. അക്രമത്തില്‍ ഇതുവരെ നാല് പേര് മരണപ്പെട്ടു. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അട്ടിമറി ആരോപിക്കുകയാണ് ട്രംപ്. അക്രമം നടത്തുന്നവരോട് ‘നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ‘ എന്ന് പറയുന്ന ഒരു വിഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. യൂട്യൂബ് പിന്നീട ഈ വീഡിയോ നീക്കം ചെയ്തു.