സോഷ്യല്‍ മീഡിയ താരങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആസുത്രിത വാക്സിന് വിരുദ്ധ പ്രചാരണം നടത്തി വന്ന ഗൂഢസംഘത്തെ പൂട്ടിച്ച് ഫേസ്ബുക്ക്. വാക്സിനുമായി ബന്ധപ്പെട്ട് വ്യാജവിവരങ്ങള്‍ പടച്ചുണ്ടാക്കുകയും അവ ക്ലീന്‍ ഇമേജുള്ള സോഷ്യല്‍ മീഡിയ സ്റ്റാറുകള്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ഇന്ത്യയെയും ലാറ്റിന്‍ അമേരിക്കയെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പ്രചാരണം.
ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയായ ഫസ്സെയാണ് വ്യാജപ്രചാരണത്തിന് ചുക്കാന്‍പിടിച്ചത്. റഷ്യ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. മിക്ക സോഷ്യല്‍ മീഡിയ താരങ്ങളും തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ യാതൊരു പരിശോധനയും കൂടാതെയാണ് പങ്കുവച്ചത്. അതില്‍ രണ്ടു പേര് ഇതിന്റെ ആധികാരികത ചോദ്യം ചെയ്തതോടെയാണ് വന്‍ഗൂഢാലോചന പുറത്തുവന്നത്.
ആരെങ്കിലും ഒരു വാര്‍ത്ത നിങ്ങളുടെ വായില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുമ്പോള്‍ നല്ല ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നതെന്ന് ഫേസ്ബുക്ക് ഗ്ലോബല്‍ ത്രെട്ട് ഇന്റലിജന്‍സ് വിഭാഗം മേധാവി ബെന്‍ നിമ്മോ പറഞ്ഞു.
വാക്സിന് വിരുദ്ധ കാമ്പയിന് നേതൃത്വം നല്കിയ 243 ഫേസ്ബുക്ക് അക്കൗണ്ടുകളും 65 ഇന്‍സറ്റഗ്രാം അക്കൗണ്ടുകളും പൂട്ടിച്ചതായി അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഫസ്സെയ്ക്ക് പൂര്ണവിലക്കേര്പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയെയും ലാറ്റിന്‍ അമേരിക്കയെയും ലക്ഷ്യമിട്ടായിരുന്നു പ്രധാന പ്രചാരണമെങ്കിലും അമേരിക്കയെയും ഭാഗികമായി ലക്ഷ്യമിട്ടിരുന്നു. സര്‍ക്കാരുകള്‍ വിവിധ വാക്സിനുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്ന വേളയിലായിരുന്നു സംഘത്തിന്റെ വിളയാട്ടം.
കഴിഞ്ഞ വര്‍ഷം അസ്ട്രസെനക വാക്സിന് മനുഷ്യനെ ചിംപാന്സിയാക്കും എന്ന പ്രചാരണവുമായാണ് ഇവര്‍ ആദ്യം രംഗത്തെത്തിയത്. അഞ്ച് മാസത്തിന് ശേഷം ഫൈസര്‍ വാക്സിനായിരുന്നു ലക്ഷ്യം. ഹാക്കിങിലൂടെ കിട്ടിയ ആസ്ട്രസെനക രേഖ എന്ന പേരിലുള്ള വ്യാജ വിവരവും ഇവര്‍ പുറത്തുവിട്ടതായി ഫേസ്ബുക്ക് പറയുന്നു.
റെഡ്ഡിറ്റ്, മീഡിയം, Change.org, ഫേസ്ബുക്ക് തുടങ്ങിയവ ഇവര്‍ യഥേഷ്ടം ഉപയോഗപ്പെടുത്തി. തെറ്റിദ്ധരിപ്പിക്കുന്ന ലേഖനങ്ങളും പെറ്റീഷനുകളും സൃഷ്ടിച്ച് അതിന്റെ ലിങ്കുകളും ഹാഷ്ടാഗുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ഫോളോവേഴ്സുള്ള ഐഡികള്‍ക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതിയെന്ന് നിമ്മോ പറഞ്ഞു.
ഫസ്സെ കമ്പനി ഇമെയില്‍ വഴി നല്കിയ വിവരങ്ങള്‍ ചോദ്യം ചെയ്ത് ഫ്രാന്‍സിലെയും ജര്‍മനിയിലെയും രണ്ട് സോഷ്യല്‍ മീഡിയ താരങ്ങള്‍ രംഗത്തെത്തിയതോടെയാണ് ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തുവന്നത്. വാക്സിന്‍വിരുദ്ധ പ്രചാരണത്തിന് ഫസ്സെയെ ചുമതലപ്പെടുത്തിയത് ആരാണെന്ന് വ്യക്തമല്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പോലിസ്, റെഗുലേറ്റര്‍മാര്‍, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എന്നിവയ്ക്ക് കൈമാറിയിട്ടുണ്ട്.
വ്യത്യസ്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അറിയപ്പെടുന്ന വ്യക്തികളെ ഉപയോഗപ്പെടുത്തി ഒരേ സമയം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതിയെന്ന് ഫേസ്ബുക്ക് സെക്യൂരിറ്റി പോളിസി വിഭാഗം മേധാവി നതാനിയല്‍ ഗ്ലേഷ്യര്‍ പറഞ്ഞു.
ALSO WATCH