Wednesday, June 23, 2021
Home News International ലോക പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

ലോക പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

ലോസ് ആഞ്ചലസ്: ലോകത്തെ അറിയപ്പെടുന്ന ടെലിവഷന്‍ അവതാരകനും അഭിമുഖകാരനുമായ ലാറി കിങ് അന്തരിച്ചു. ലോസ് ആഞ്ചലസില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ സെഡാര്‍സ് – സിനായ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ലാറി കിംഗ്. ലോകനേതാക്കളെല്ലാം അഭിമുഖങ്ങള്‍ നല്‍കാന്‍ ഇഷ്ടപ്പെട്ട, സൗമ്യനായ അഭിമുഖകാരനായിരുന്നു ലാറി കിങ്.

ഏറെക്കാലം അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് നിറഞ്ഞുനിന്നിരുന്ന അഭിമുഖകാരനായിരുന്നു ലാറി കിങ്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് പകരം ഏത് സാധരണക്കാരനും മനസ്സിലാവുന്ന ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതായിരുന്നു ലാറി കിങിന്റെ പ്രത്യേകത. കാഴ്ചക്കാര്‍ക്ക് അറിയുന്നതില്‍ക്കൂടുതലൊന്നും തനിക്ക് മുന്നില്‍ വന്നിരിക്കുന്നയാളെക്കുറിച്ച് അറിയാതിരിക്കാനാണ് താന്‍ ശ്രമിക്കാറ് എന്ന് കിങ് പറയാറുണ്ട്. ഏറ്റവും നിഷ്‌കളങ്കമായി, കാഴ്ചക്കാര്‍ക്ക് ചോദിക്കാനുള്ളത് അങ്ങനെയാണ് താന്‍ അഭിമുഖത്തിന് മുന്നിലിരിക്കുന്നവരോട് ചോദിക്കുന്നതെന്നും കിങ് പറയും.

ലാറി കിങ് ലൈവ് – എന്ന സിഎന്‍എന്നിലെ ഷോ ദിവസം 15 ലക്ഷം പേര്‍ വരെ കണ്ടിരുന്നു. തന്റെ കരിയറില്‍ ഏതാണ്ട് 30,000 അഭിമുഖങ്ങള്‍ കിങ് നടത്തിയിട്ടുണ്ട്. മിക്കവാറും എല്ലാം വിശ്വപ്രസിദ്ധ ലോകനേതാക്കള്‍. യാസര്‍ അറഫാത്, നെല്‍സണ്‍ മണ്ടേല, വ്‌ളാദിമിര്‍ പുടിന്‍, റിച്ചാര്‍ഡ് നിക്‌സന്‍ മുതലിങ്ങോട്ട് ഡോണള്‍ഡ് ട്രംപ് വരെയുള്ള എല്ലാ പ്രസിഡന്റുമാരും. ഫ്രാങ്ക് സിനാത്ര മുതലിങ്ങോട്ട് ലേഡി ഗാഗ വരെയുള്ള സെലിബ്രിറ്റികളും ലാറി കിങിന്റെ ചോദ്യങ്ങളെ നേരിട്ടിട്ടുണ്ട്.

1933-ല്‍ ബ്രൂക്ക്‌ലിനില്‍ ഒരു യാഥാസ്ഥിതിക ജൂത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഒരു റസ്റ്റോറന്റ് ഉടമയായിരുന്ന ആരോണ്‍ ആയിരുന്നു അച്ഛന്‍. ലിത്വാനിയന്‍ സ്വദേശിനിയായിരുന്ന ജെന്നിയായിരുന്നു അമ്മ. റേഡിയോയില്‍ ഒരു ജോലിയെന്നതായിരുന്നു വളര്‍ന്ന നാളെല്ലാം ലാറിയുടെ സ്വപ്നം. ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ 1957-ല്‍ ഒരു മോണിംഗ് ഡിജെയില്‍ ജോലി കിട്ടിയതാണ് തുടക്കം.

1985-ലാണ് കിംഗ് സിഎന്‍എന്നിലെത്തുന്നത്. 2010- വരെ 25 വര്‍ഷത്തെ കാലയളവ്. പക്ഷേ, 2010-ല്‍ കിംഗിന് അഭിമുഖങ്ങളുടെ സ്ലോട്ട് ബ്രിട്ടിഷ് ടിവി ഹോസ്റ്റ് പിയേഴ്‌സ് മോര്‍ഗന് കൈമാറി കളമൊഴിയേണ്ടി വന്നത് വിവാദമായിരുന്നു. 2012 വരെ സ്‌പെഷ്യല്‍ അഭിമുഖങ്ങള്‍ നടത്താന്‍ കിംഗ് സിഎന്‍എന്നിലെത്തി. പിന്നീട് സ്വന്തമായി ഒരു ടിവി തുടങ്ങി. പേര് ഓറ ടിവി. എട്ട് തവണ വിവാഹിതനായിട്ടുണ്ട് ലാറി കിങ്. ഏഴ് ജീവിതപങ്കാളികളുണ്ടായിരുന്നു. അഞ്ച് മക്കളുണ്ട്.
ALSO WATCH

Most Popular