Wednesday, December 1, 2021
HomeNewsInternationalഅഫ്ഗാന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം രാജ്യങ്ങള്‍

അഫ്ഗാന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം രാജ്യങ്ങള്‍

ജിദ്ദ: അഫ്ഗാനില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും കൊണ്ടുവരുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഒഐസി(ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍). അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് സൗദി അറേബ്യയുടെ ആവശ്യപ്രകാരം ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം. അഫ്ഗാനിലെ ജനങ്ങളോട് ഐക്യപ്പെടുന്നതായും യോഗത്തിന് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അഫ്ഗാനിലെ ഭാവി സര്‍ക്കാര്‍ ദേശീയ അനുരഞ്ജനം പ്രോല്‍സാഹിപ്പിക്കുമെന്നും അന്താരാഷ്ട്ര കണ്‍വന്‍ഷനുകളും ധാരണകളും മാനിക്കുമെന്നും യുഎന്‍ ചാര്‍ട്ടറില്‍ പറയുന്ന അന്താരാഷ്ട്ര ഭരണ നിര്‍വഹണ ചട്ടങ്ങള്‍ പാലിക്കുമെന്നുമാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

സഹിഷ്ണുത നിറഞ്ഞ ഇസ്ലാമിക തത്വങ്ങള്‍ക്കും അന്താരാഷ്ട്ര മനുഷ്യാവാകശ പ്രഖ്യാപനങ്ങള്‍ക്കും അനുസൃതമായി അഫ്ഗാന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശം, സുരക്ഷ, അന്തസ്സ് തുടങ്ങിയവ സംരക്ഷിക്കണം.

രാജ്യത്തെ വര്‍ധിച്ച് വരുന്ന അഭയാര്‍ത്ഥി സാഹചര്യം, കോവിഡ് പ്രതിസന്ധി, വരള്‍ച്ച തുടങ്ങിയവ കണക്കിലെടുത്ത് അംഗരാജ്യങ്ങളും ഇസ്ലാമിക സാമ്പത്തിക സ്ഥാപനങ്ങളും അടിയന്തര മാനുഷിക സഹായത്തിന് മുന്നോട്ട് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഇക്കാര്യം ഏകോപിപ്പിക്കുന്നതിന് ഒഐസി സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ ഭാവിക്കു വേണ്ടി എല്ലാ അഫ്ഗാന്‍ പാര്‍ട്ടികളും ജനങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന ചര്‍ച്ച ആവശ്യമാണ്. അക്രമത്തെ തള്ളിപ്പറയുകയും സമാധാനവും സുരക്ഷയും തിരിച്ചുപിടിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും വേണം.

അഫ്ഗാന്റെ മണ്ണ് ഇനിയൊരിക്കലും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തില്ലെന്ന് രാജ്യത്തിന്റെ ഭാവി നേതൃത്വവും അന്താരാഷ്ട്ര സമൂഹവും ഉറപ്പ് വരുത്തണം. അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക പുരോഗതിക്കാവശ്യമായ സഹായങ്ങള്‍ അന്താരാഷ്ട്ര സമൂഹം ചെയ്തുകൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗ തീരുമാനങ്ങള്‍ അറിയിക്കുന്നതിന് ഒഐസിയുടെ ഉന്നത തല സംഘം അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനും തീരുമാനമായി.

Most Popular