വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രോ-അമേരിക്കന്‍ വംശജനെ പ്രതിരോധ സെക്രട്ടറിയാക്കാനുള്ള നീക്കത്തിലാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. നാല് പതിറ്റാണ്ടോളം അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന ലോയ്ഡ് ഓസ്റ്റിനെ പെന്റഗണിന്റെ കടിഞ്ഞാണ്‍ ഏല്പിക്കാന് ബൈഡന് ശ്രമമാരംഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2003 ല്‍ ഇറാഖ് അധിനിവേശകാലത്ത് കുവൈത്തില്‍ നിന്ന് ബാഗ്ദാദിലെത്തിയ അമേരിക്കന്‍ സൈന്യത്തില്‍ അസിസ്റ്റന്റ് ഡിവിഷന് കമാന്ററായിരുന്നു ലോയ്ഡ്. അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോയ്ഡ് ഉണ്ടായിരുന്നു. 2010 ല്‍ ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്റിങ് ജനറലായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുകളുടെ മുഴുവന്‍ ചുമതലയും ലോയ്ഡ് വഹിച്ചിരുന്നു.
അതേസമയം, 2016 ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ലോയ്ഡിനെ പ്രതിരോധ സെക്രട്ടറിയാക്കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ട്. സൈനിക ഓഫീസര്‍മാര്‍ വിരമിച്ച് ഏഴു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പെന്റഗണിന്റെ ചുമതലയേല്‍ക്കുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. സെനറ്റിന്റെ പ്രത്യേക അനുമതിയോടെയാണ് ഇത് മറികടക്കാനാകുക.
ഈ നിയമം മറികടക്കാന്‍ മുമ്ബ് രണ്ട് തവണയാണ് സെനറ്റ് അനുമതി നല്‍കിയിരുന്നത്. അവസാനമായി ട്രംപ് പ്രതിരോധ സെക്രട്ടറിയെ നിയമിച്ചപ്പോഴാണ് അനുമതി നല്‍കിയത്. പല സെനറ്റ് അംഗങ്ങളും അന്ന് ട്രംപിന്റെ നീക്കത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതേസമയം ട്രംപിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി, അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ഉള്‍പ്പെടുത്തി കാബിനറ്റില്‍ വൈവിധ്യം കൊണ്ടുവരാനുള്ള ശ്രമമാണ് ജോ ബൈഡന് നടത്തുന്നത്.