Tuesday, May 11, 2021
Home News International ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തിയായി മാര്‍ഗരറ്റ് കീനന്‍

ഫൈസര്‍ വാക്​സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തിയായി മാര്‍ഗരറ്റ് കീനന്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ച ബ്രിട്ടനില്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയായി മാര്‍ഗരറ്റ് കീനന്‍. അതോടൊപ്പം പരീക്ഷണത്തിനായല്ലാതെ ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായും മാര്‍ഗരറ്റ് മാറിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ അയര്‍ലന്‍ഡിലെ എന്നിസ്‌കില്ലനില്‍ നിന്നുള്ള മാര്‍ഗരറ്റ് ലണ്ടന്‍ സമയം രാവിലെ 6.30ന് കൊവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് മഹാമാരിക്കെതിരായ ലോകജനതയുടെ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമെന്ന നിലയില്‍ ബ്രിട്ടനില്‍ ആരംഭിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് തുടക്കമിട്ടത് മാര്‍ഗരറ്റിന് ആദ്യ ഡോസ് നല്‍കിയാണ്. ‘കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന ബ്രിട്ടനിലെ ആദ്യ വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനമുള്ള നിമിഷമാണിത്. എന്നെ തേടിയെത്തിയ ജന്മദിന സമ്മാനമായിട്ടാണ് ഇതിനെ കാണുന്നത്. വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കേണ്ടയെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഈ 90ാം വയസ്സില്‍ എനിക്ക് ഇതിനാകുമെങ്കില്‍ നിങ്ങള്‍ക്കും തീര്‍ച്ചയായും ഇതിന് കഴിയും’ -മാര്‍ഗരറ്റ് പറഞ്ഞു.

ഫൈസര്‍-ബയോണടെക് വാക്‌സിന്‍ വിതരണം ആരംഭിച്ച ആദ്യത്തെ രാജ്യമാണ് ബ്രിട്ടന്‍. രാജ്യചരിത്രത്തിലെ ഏറ്റവും വലിയതും സങ്കീര്‍ണവുമായ വാക്‌സിനേഷന്‍ പദ്ധതിയാണിതെന്ന് ഇംഗ്ലണ്ട് ആരോഗ്യ ഡയറക്ടര്‍ പ്രഫ. സ്‌റ്റെഫാന്‍ പൊവിസ് പറയുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. വിതരണത്തിനുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ യു.കെയിലെ വിവിധ ആശുപത്രികളില്‍ കടുത്ത ശീതീകരണ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

സംരക്ഷണകേന്ദ്രങ്ങളില്‍ താമസിപ്പിച്ചവര്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നതിനാല്‍ അവിടേക്ക് വാക്‌സിന്‍ കേടുകൂടാതെ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. നാലു തവണ മാത്രം പുറത്തെടുക്കാവുന്നതും അഞ്ചു ദിവസം മാത്രം ശീതീകരണിയില്‍ വെക്കാവുന്നതാണ് ഈ വാക്‌സിന്‍. അതിനാല്‍ വാക്‌സിന്‍ പാക്കുകള്‍ മുന്‍കൂട്ടി വിഭജനം നടത്തിയാണ് വിതരണം ചെയ്യുന്നതെന്ന് യു.കെ ഔഷധ, ആരോഗ്യപരിപാലന നിയന്ത്രണ സമിതി സി.ഇ.ഒ ഡോ. ജൂണ്‍ റെയ്‌നെ പറഞ്ഞു.

Most Popular