Sunday, November 28, 2021
HomeNewsInternationalപെട്രോള്‍ പമ്പുകള്‍ മുഴുവന്‍ കാലിയാവുന്നു; പരക്കം പാഞ്ഞ് ബ്രിട്ടീഷുകാര്‍; പട്ടാളം രംഗത്ത്

പെട്രോള്‍ പമ്പുകള്‍ മുഴുവന്‍ കാലിയാവുന്നു; പരക്കം പാഞ്ഞ് ബ്രിട്ടീഷുകാര്‍; പട്ടാളം രംഗത്ത്

ലണ്ടന്‍: മൂന്നു ദിവസമായി പെട്രോളിനും ഡീസലിനും കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പട്ടാളം ഇറങ്ങുന്നു. ട്രക്ക് ഡ്രൈവര്‍മാരുടെ കുറവുമൂലം ഇന്ധനം വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായതോടെ സ്റ്റോക്കു തീരുന്ന പമ്പുകള്‍ ഓരോന്നായി അടയ്ക്കുകയാണ്. വിരലില്‍ എണ്ണാവുന്ന പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ഇപ്പോള്‍ പല നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്കു മുന്നില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവും. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതിരൂക്ഷമാണ്. ഹൈവേകളിലും സ്ഥിതി വ്യത്യസ്തമല്ല.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെങ്കില്‍ ഇന്ധന വിതരണത്തിന് സൈന്യത്തെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി വിവിധ പ്രദേശങ്ങളില്‍ സൈന്യത്തെ സജ്ജമാക്കി നിര്‍ത്തി. ലണ്ടന്‍ ഉള്‍പ്പെടെയുള്ള വന്‍നഗരങ്ങളിലാണ് ഇന്ധനക്ഷാമം അതിരൂക്ഷം. വരും ദിവസങ്ങളില്‍ പെട്രോള്‍ തീരെ കിട്ടാതാവുമെന്ന കിംവദന്തി പരന്നതോടെ ആളുകള്‍ പരിഭ്രാന്തരായി പമ്പുകളിലേക്ക് ഇടിച്ചുകയറുകയാണ്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

വലിയ ട്രക്കുകള്‍ക്കൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും പരമാവധി നല്‍കുന്ന ഇന്ധനത്തിന്റെ അളവ് പമ്പുകളില്‍ 30 ലിറ്ററാക്കി കുറച്ചു. പെട്രോളിനും ഡീസലിനും 10 മുതല്‍ 20 പെന്‍സിന്റെ വരെ വര്‍ധനയും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായി. വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇത്രയും വിലവര്‍ധന.

സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രതിസന്ധി
ഇന്ധനക്ഷാമം ചരക്കുനീക്കത്തെ ബാധിച്ചു തുടങ്ങിയതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പലേടത്തും സാധനങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ധനക്ഷാമം മൂലം വാഹനങ്ങള്‍ നിരത്തിലിറങ്ങാത്ത സ്ഥിതിയുണ്ടാകും.

എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് ഇന്ധല ക്ഷാമമല്ല, ഇത് പമ്പുകളില്‍ എത്തിക്കാനുള്ള പ്രതിസന്ധി മാത്രമേയുള്ളൂ എന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. സൈന്യത്തിന്റെ സഹായത്തോടെ ഇതു പരിഹരിക്കുമെന്ന് പറഞ്ഞുതുടങ്ങിയിട്ട് രണ്ടു ദിവസമായെങ്കിലും പമ്പുകളില്‍ ഇന്ധനം എത്തുന്നില്ല.

പ്രതിസന്ധിയിലേക്ക് നയിച്ചത് ബ്രെക്‌സിറ്റ്
ബ്രെക്‌സിറ്റ് നടപ്പായതു മുതല്‍ ആരംഭിച്ച, ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവര്‍മാരുടെ ലഭ്യത കുറവാണ് കോവിഡ് സാഹചര്യത്തില്‍ വര്‍ധിച്ചുവന്ന് ചരക്കുനീക്കത്തില്‍ വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്.

നിലവില്‍ ഒരു ലക്ഷത്തോളം ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ഡ്രൈവര്‍മാരുടെ കുറവാണ് ബ്രിട്ടനിലുള്ളത്. ബ്രക്‌സിറ്റ് നടപ്പിലായ ജനുവരി മുതല്‍തന്നെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനില്‍ ജോലി ചെയ്തിരുന്ന ഹെവി ഗുഡ്‌സ് ഡ്രൈവര്‍മാര്‍ പലരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ഇരുപതിനായിരത്തിലധികം ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ മടങ്ങിയെന്നാണ് റോഡ് ഹോവിലേജ് അസോസിയേഷന്റെ കണക്ക്.

ബ്രിട്ടനില്‍ ഇനിയൊരു സെറ്റില്‍മെന്റ് എളുപ്പവും സുഗമവും ആകില്ല എന്ന പ്രതീതിയായിരുന്നു ഇതിനു കാരണം. ഇതിനു പിന്നാലെയെത്തിയ കോവിഡ് മഹാമാരി ഡ്രൈവിങ് ടെസ്റ്റുകള്‍ മാസങ്ങളോളം തടസപ്പെടുത്തി. ഇതോടെ പുതിയ ഡ്രൈവര്‍മാര്‍ ഈ രംഗത്തേക്കു വരാത്ത സ്ഥിതിയായി.

പുതിയ ഡ്രൈവര്‍മാര്‍ വരുന്നില്ല
നിലവില്‍ ബ്രിട്ടനിലെ എച്ച് ജിവി ഡ്രൈവര്‍മാരുടെ ശരാശരി പ്രായം 55 വയസാണ്. പക്ഷേ, ആകെയുള്ള ഡ്രൈവര്‍മാരില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് 25 വയസില്‍ താഴെ പ്രായമുള്ളവര്‍. ഓരോ ആഴ്ചയിലും രണ്ടായിരത്തോളം ഡ്രൈവര്‍മാര്‍ ഈ ഇന്‍ഡസ്ട്രിയില്‍നിന്നും വിരമിക്കുമ്പോള്‍ പുതുതായി എത്തുന്നത് കേവലം ആയിരം പേര്‍ മാത്രവും. ഇത്തരത്തിലുള്ള അന്തരങ്ങളാണ് മാസങ്ങള്‍കൊണ്ടു വളര്‍ന്ന് വലിയ പ്രതിസന്ധിയായി പരിണമിച്ചിരിക്കുന്നത്.

4000 മുതല്‍ 7000 പൗണ്ടുവരെയാണ് എച്ച്ജിവി ലൈസന്‍സ് സ്വന്തമാക്കാന്‍ ചെലവാകുന്ന തുക. ഇത് പലര്‍ക്കു താങ്ങാനാവുന്നതിലും ഏറെയാണ്. 5000 ഫോറിന്‍ ഡ്രൈവര്‍മാര്‍ക്ക് അടിയന്തരമായി വീസ അനുവദിച്ച് എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ALSO WATCH

Most Popular