ഇസ്രായേലും പലസ്തീനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലോക നേതാക്കൾ. പതിനൊന്ന് ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷമാണ് ഇരു കൂട്ടരും വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഗസയിൽ ഫലസ്തീൻ ജനത ആഹ്ലാദ പ്രകടനം നടത്തി. 11 ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം ഗസയും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പൗരന്മാർക്ക് സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള അവസരം ഉണ്ടാകട്ടെയെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലും അഭിപ്രായപ്പെട്ടു. ഇസ്രയേലിലെയും പലസ്തീനിലെയും നേതാക്കളുമായി സംസാരിച്ചതായും വെടിനിർത്തലിന് കക്ഷികൾ സമ്മതിച്ചതായി സ്ഥിരീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഉപാദികളില്ലാത്ത വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ കാബിനറ്റിന് അംഗീകാരം നല്‍കിയത്. ഈജിപ്റ്റിന്റെ സമവായ നീക്കം അംഗീകരിച്ചാണ് തീരുമാനമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇസ്രായേൽ ഫലസ്തീൻ സംഘര്‍ഷത്തില്‍ ഗാസയില്‍ മാത്രം 232 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ ഒരു കുട്ടിയടക്കം പന്ത്രണ്ടും പേരും . സംഘര്‍ഷം നീണ്ടുപോകുന്നതിനിടെ അമേരിക്കയും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.