Friday, July 30, 2021
Home News International ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; തിരിച്ചടിച്ച് ഹമാസ്

ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; തിരിച്ചടിച്ച് ഹമാസ്

ഗസാ സിറ്റി: വിശുദ്ധ റമദാനിന്റെ അവസാന നാളുകളില്‍ നോമ്പെടുത്ത് പ്രാര്‍ഥനാ നിരതരായിരിക്കുന്ന വിശ്വാസികള്‍ക്കു നേരെ ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം തുടരുന്നു. ഇന്ന് രാവിലെയും തുടര്‍ന്ന ആക്രമണത്തില്‍ ഇതിനകം ഒമ്പതു കുരുന്നുകള്‍ ഉള്‍പ്പെടെ 24 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

അല്‍ ശാത്തി അഭയാര്‍ഥി ക്യാപിന് മുകളില്‍ ബോംബിട്ട ഇസ്രായേല്‍ സൈന്യം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 57 വയസ്സുകരനെയും 17 വയസ്സുള്ള മകനെയും കൊലപ്പെടുത്തി. ഉത്തര ഗസയില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് സൈനിക കമാന്‍ഡര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇവരുടെ മൃതദേഹങ്ങളും വഹിച്ചുള്ള വിലാപ യാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്.

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ രണ്ടു മരണം
അതേ സമയം ഇസ്രായേല്‍ അതിക്രമത്തിനെതിരേ ഹമാസ് സാധ്യമാവും വിധം തിരിച്ചടിക്കുന്നുണ്ട്. ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ് 30 മിനിറ്റിനകം 70 റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് തൊടുത്തു വിട്ടത്. ഇതില്‍ രണ്ടു ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായും ആറു പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച്ച മുതല്‍ 300ലേറെ റോക്കറ്റുകളാണ് ഹമാസ് ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്.

അല്‍ അഖ്സ മസ്ജിദ് കോംപൗണ്ടില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ റോക്കറ്റാക്രമണം നടത്തുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ത്യശാസനാ സമയം അവസാനിച്ചതോടെയാണ് ഇസ്രായേല്‍ തീരമേഖലയിലേക്ക് ഹമാസ് നിരവധി റോക്കറ്റുകള്‍ തൊടുത്തത്.

മുസ്ലിംകളുടെ പുണ്യകേന്ദ്രമായ മസ്ജിദുല്‍ അഖ്സയില്‍ വിശ്വാസികള്‍ക്കു ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കിഴക്കന്‍ ജറുസലേമിലെ മുസ്ലിംകളെ പൂര്‍ണമായും തുടച്ചുമാറ്റാന്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 700ഓളം ഫലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ചാണ് സൈന്യം പള്ളിക്കകത്തേക്കു ഇരച്ചുകയറിയത്.

 

 

Most Popular