കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ പുതിയ വൈറസ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഹാന്റ

hanta virus

ദോഹ: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ രാജ്യങ്ങള്‍ മുഴുവന്‍ പാടുപെടുന്നതിനിടെ ചൈനയില്‍ നിന്ന് മറ്റൊരു വൈറസ് വാര്‍ത്ത കൂടി. ഹാന്റ വൈറസ് ആണ് പുതിയ വില്ലന്‍. റിപോര്‍ട്ടുകള്‍ പ്രകാരം ഈ വൈറസ് ചൈനയില്‍ ആദ്യത്തെയാളുടെ ജീവനെടുത്തു കഴിഞ്ഞു.

യുനാന്‍ പ്രവിശ്യയിലുള്ള യുവാവാണ് ഹാന്റ വൈറസ് ബാധ മൂലം മരിച്ചത്. ഷാന്‍ഡോങ് പ്രവിശ്യയിലെ ജോലി സ്ഥലത്തേക്ക്് ചാര്‍ട്ടേഡ് ബസ്സില്‍ പോകവേയാണ് ഇയാള്‍ക്ക് രോഗലക്ഷണം പ്രകടമായതെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട്‌ചെയ്തു. ബസ്സിലുണ്ടായിരുന്നു 32 പേരെയും പരിശോധനാ വിധേയമാക്കി. എന്നാല്‍, ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ?
ഹാന്റ വൈറസ് സംബന്ധിച്ച് ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എലികളുമായി സമ്പര്‍ക്കമുണ്ടാവുമ്പോള്‍ മാത്രമാണ് ഈ വൈറസ് പടരുന്നതെന്ന് യുഎന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കി. എലികളുടെ മൂത്രം, കാഷ്ടം, ഉമിനീര് എന്നിവയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുമ്പോഴാണ് ഹാന്റ വൈറസ് പകരുന്നത്. മനുഷ്യനില്‍ മനുഷ്യനിലേക്ക് പടരുന്നതായി ഇതുവരെ തെളിവില്ല. എന്നാല്‍, ഹാന്റ വൈറസ് വിഭാഗത്തില്‍പ്പെട്ട ആന്‍ഡസ് വൈറസ് അപൂര്‍വമായി മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നിട്ടുണ്ട്. ഹാന്റ് വൈറസ് പുതുതായി കണ്ടെത്തിയ ഒന്നല്ല. തൊണ്ണൂറുകളില്‍ തന്നെ അമേരിക്കയില്‍ ഇതിനെതിരേ പ്രതിരോധ സംവിധാനം ആരംഭിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍
ഹാന്റ വൈറസ് പള്‍മൊണറി സിന്‍ഡ്രോം, ഹെമറാജിക്ക് ഫീവര്‍ എന്നീ രോഗങ്ങളാണ് ഈ വൈറസ് ഉണ്ടാക്കുന്നത്. ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകുന്ന ശ്വാസകോശ രോഗമാണ് ഹാന്റ വൈറസ് പള്‍മൊണറി സിന്‍ഡ്രോം. ഒന്നു മുതല്‍ എട്ടാഴ്ച്ചയ്ക്കിടെയാണ് രോഗലക്ഷണം പ്രകടമാവുന്നത്. തളര്‍ച്ച, പനി, മസില്‍ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തലവേദനയും തലചുറ്റലും വിറയലും ഉണ്ടായേക്കാം. എച്ച്പിഎസ് ബാധിച്ചാല്‍ 38 ശതമാനമാണ് മരണനിരക്ക്.

രോഗം തടയാന്‍
എലികളുമായി സമ്പര്‍ക്കമുണ്ടാകുന്നത് ഒഴിവാക്കുകയാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന മാര്‍ഗം. പ്രത്യേകിച്ചും എലികളും കാഷ്ഠം, മൂത്രം തുടങ്ങിയവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.

Hantavirus Fear Grips Social Media: All You Need To Know