സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്ന റോസ്ലിന് ഫെററുടെയും റോമേല്‍ ബാസ്ക്കോയുടെയും വിവാഹം. അമ്പത് വയസുകഴിഞ്ഞ റോസ്ലിനും അമ്പത്തഞ്ച് വയസുകഴിഞ്ഞ റൊമേലും പുത്തന്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോകളും വൈറലായി. എന്താണ് ഇവരുടെ വിവാഹത്തിന് ഇത്ര പ്രത്യേകത എന്നായിരിക്കും.
കാല് നൂറ്റാണ്ട് കാലമായി ഫിലിപ്പീന്‍സിലെ തെരുവില്‍ പാട്ട പെറുക്കി ജീവിക്കുന്നവരാണ് ഇരുവരും. സ്വന്തമായി ഒരു സെന്റ് ഭൂമിയോ തല ചായ്ക്കാന്‍ ഒരു വീടോ ഇല്ല. എങ്കിലും മനോഹരമായ വസ്ത്രം ധരിച്ച് ഗംഭീരമായ ഒരു വിവാഹം നടത്തണമെന്നതായിരുന്നു വര്‍ഷങ്ങളായി പ്രണയിച്ചു കഴിയുന്ന ഇരുവരുടെയും ഏറ്റവും വലിയ സ്വപ്നം. എന്നാല്‍, തെരുവില്‍ പഴയ സാധനങ്ങള്‍ പെറുക്കിവിറ്റാല്‍ കിട്ടുന്ന തുക അന്നന്നത്തെ ജീവിതത്തിന് പോലും തികയില്ല.
കഴിഞ്ഞ ദിവസം തെരുവില്‍ പാട്ട പെറുക്കുന്നതിനിടയില്‍ പരിചയപ്പെട്ട ഒരു വ്യക്തിയാണ് അവരുടെ ജീവിത സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. ഹെയര്‍ ഡ്രസ്സര്‍ റിച്ചാര്‍ഡ് സ്ട്രാന്ഡ്സാണ് ഇരുവരുടെയും പ്രണയസാക്ഷാല്ക്കാരത്തിന് വഴിതെളിച്ചത്. വസ്ത്രങ്ങളും ഭക്ഷണവും ഉള്‍പ്പെടെ വിവാഹത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് റിച്ചാര്‍ഡാണ്. റോസ്ലിന് തൂവെള്ള നിറത്തിലുള്ള ഗൗണും, റോമേല്‍ വെള്ള സ്യൂട്ടുമണിഞ്ഞാണ് വിവാഹത്തിനായി ഒരുങ്ങിയത്.
യഥാര്‍ത്ഥ സ്നേഹം ആഘോഷിക്കപ്പെടേണ്ടതാണ് എന്നാണ് റിച്ചാര്‍ഡ് തന്റെ സഹായത്തെക്കുറിച്ച് വിശദീകരിക്കുന്നത്. എന്തായാലും മോഹിച്ചതു പോലുള്ള അവരുടെ പ്രണയ വിവാഹം ഫിലിപ്പീന്‍സില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു വൈറലാക്കി.