Monday, July 26, 2021
Home News International കോവിഡ് പരത്തുന്നുവെന്ന് ആരോപണം; എയര്‍ ഇന്ത്യക്ക് ഹോങ്കോങില്‍ നിരോധനം

കോവിഡ് പരത്തുന്നുവെന്ന് ആരോപണം; എയര്‍ ഇന്ത്യക്ക് ഹോങ്കോങില്‍ നിരോധനം

ഹോങ്കോങ്: ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് ഹോങ്കോങ് വിമാനത്താവളങ്ങളില്‍ വിലക്ക്. ധാരാളം കോവിഡ് രോഗികളുമായി എത്തുന്നുവെന്ന് ആരോപിച്ചാണ് രണ്ടാഴ്ചത്തേക്ക് ഹോങ്കോങ് അധികൃതര്‍ എയര്‍ ഇന്ത്യയെ വിലക്കിയത്. ആഗസ്ത് 18 മുതല്‍ 31 വരെയാണ് വിലക്ക്. വന്ദേഭാരത് മിഷന്‍ പ്രകാരമാണ് ഹോങ്കോങിലേക്ക് എയര്‍ഇന്ത്യ വിമാനം പറത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് ആഗസ്ത് 18, 21, 25, 28 തിയതികളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.

ഹോങ്കോങില്‍ വിലക്കുള്ള കാര്യം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചുവെങ്കിലും വിലക്കിനുള്ള കാരണം വ്യക്തമാക്കിയില്ല. വിലക്ക് നീക്കുന്നതിന് ഹോങ്കോങ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഗസ്ത് 14ന് ഡല്‍ഹിയില്‍ നിന്ന് ഹോങ്കോങില്‍ എത്തിയ വിമാനത്തിലെ 11 യാത്രക്കാര്‍ക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്കെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കാണിക്കുന്നത് ഇന്ത്യയിലെ പരിശോധനകള്‍ വിശ്വാസ്യയോഗ്യമല്ലെന്നാണെന്ന് ഈ വാര്‍ത്തയില്‍ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഹോങ്കോങ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്ത.

Most Popular