ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും ചൊവ്വാഴ്ച്ച മുതല്‍ റദ്ദാക്കിയതായി ഹോങ്കോങ്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതും ഇന്ത്യ വഴി യാത്ര ചെയ്യുന്നതുമായ വിമാനങ്ങള്‍ക്ക് മെയ് 3 വരെയാണ് വിലക്ക്. പാകിസ്താന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കുണ്ട്.
വിസ്താര വിമാനത്തില്‍ എത്തിയ 50 യാത്രക്കാര്‍ക്ക് ഈ മാസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹോങ്കോങ് സര്‍ക്കാരിന്റെ നടപടി. ഹോങ്കോങിലേക്ക് യാത്ര ചെയ്യുന്നവര്‍ മുഴുവന്‍ 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നാണ് നിബന്ധന.
മുംബൈ-ഹോങ്കോങ് റൂട്ടിലുള്ള എല്ലാ വിസ്താര വിമാനങ്ങളും മെയ് 2 വരെ റദ്ദാക്കിയതായി ഞായറാഴ്ച്ച ഹോങ്കോങ് അറിയിച്ചിരുന്നു. ഞായറാഴ്ച്ച മുംബൈ-ഹോങ്കോങ് വിമാനത്തിലെത്തിയ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.