Tuesday, July 27, 2021
Home News International ബെയ്‌റൂത്തിനെ വിറപ്പിച്ച് സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന; നൂറുകണക്കിന് പേര്‍ക്കു പരിക്ക് (Video)

ബെയ്‌റൂത്തിനെ വിറപ്പിച്ച് സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന; നൂറുകണക്കിന് പേര്‍ക്കു പരിക്ക് (Video)

ബെയ്റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്ക്. പത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ബെയ്റൂത്ത് തുറമുഖത്ത് ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിയിട്ടുണ്ട്. അതിശക്തമായ സ്ഫോടനം തലസ്ഥാനത്തെയൊട്ടാകെ വിറപ്പിച്ചു. സ്‌ഫോടനം നടന്ന പ്രദേശം പ്രേതനഗരം പോലെയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഫോടന കാരണം വ്യക്തമായിട്ടില്ല. സ്ഫോടനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായി ലബ്‌നാന്‍ ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ പറഞ്ഞു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തുറമുഖ പ്രദേശം ഉള്‍കൊള്ളുന്ന മേഖലയില്‍ തീ കെടുത്താന്‍ ശ്രമിച്ച് വരികയാണ് അധികൃതര്‍.

തങ്ങളുടെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായി സ്ഫോടന സ്ഥലത്തിന് സമീപം നങ്കുരമിട്ട ഇറ്റാലിയന്‍ കപ്പലായ ഓറിയന്റ് ക്വീനിലെ ക്യാപ്റ്റന്‍ അല്‍ജസീറയോട് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ തെറിച്ചുവീണ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ആദ്യം ഓറഞ്ച് നിറത്തില്‍ തീയും തൊട്ടുപിന്നാലെ പ്രദേശമാകെ പ്രകമ്പനംകൊള്ളിച്ച് വന്‍ സ്ഫോടനമുണ്ടാവുകയുമായിരുന്നു. നിരവധി ഗോഡൗണുകള്‍ നിറഞ്ഞ പ്രദേശത്താണ് സ്ഫോടനമുണ്ടായതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

ബെയ്‌റൂത്ത് നഗരത്തെ വിറപ്പിച്ച സ്‌ഫോടനത്തിന്റെ ലൈവ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സ്‌ഫോടനവുമായി ബന്ധമില്ലെന്ന് ഇസ്രായേല്‍
ബെയ്‌റൂത്തില്‍ നടന്ന സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്നുള്ള അപകടമാവാനാണ് സാധ്യതയെന്ന് ഇസ്രായേലി വിദേശകാര്യ മന്ത്രി ഗബി അശ്‌കെനാസി പ്രതികരിച്ചു.

ലബ്‌നാനിലെ ഹിസ്ബുല്ലയുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേലി സൈനികര്‍ സംഘര്‍ഷമുണ്ടായിരുന്നു.

Huge explosion rocks Lebanon’s capital Beirut

Most Popular