വാഷിങ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യ മരുന്നു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യ അമേരിക്കക്ക് നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഈ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നിരോധത്തില്‍ ഇളവുവരുത്തണമെന്നും അമേരിക്കക്ക് കോവിഡ് പ്രതിരോധത്തിനായി ഈ മരുന്ന് നല്‍കണമെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആവശ്യം.
‘ഇന്ത്യയുമായി അമേരിക്കക്ക് മികച്ച ബന്ധമാണുള്ളത്. അതാണ് അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ അത്ഭുതമെന്നേ പറയാനുള്ളൂ. ഞായറാഴ്ച്ച ഞാന്‍ അദ്ദേഹവുമായി(മോദി) ഫോണില്‍ സംസാരിച്ചു. മരുന്ന് നല്‍കില്ലെന്നാണെങ്കില്‍ അക്കാര്യം നേരിട്ട് പറയണം. അങ്ങനെയാണെങ്കില്‍ ചില തിരിച്ചടികള്‍ നേരിടേണ്ടി വരും’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
മലേറിയക്കെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊറോണയ്ക്ക് ഫലപ്രദമാവുമെന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടില്ല. കൊറോണ രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത് ആലോചിക്കണമെന്ന ചര്‍ച്ച മാത്രമാണ് ഇപ്പോഴുള്ളത. കൊറോണ വ്യാപകമായി പടരുന്ന അമേരിക്കയില്‍ ജനങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടുന്ന ട്രംപ് ഒരു പിടിവള്ളിയായാണ് ഹൈഡ്രോക്‌സി ക്ലോറോക്വിനെ കാണുന്നത്.
അതേ സമയം, കോവിഡ് 19 രൂക്ഷമായി ബാധിച്ച വിദേശ രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുകള്‍ കയറ്റി അയക്കുമെന്ന് ഇന്ത്യ. കോവിഡിനെ നേരിടാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കക്ക് നല്‍കിയില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
Hydroxychloroquine: The unproven ‘corona drug’ Trump is threatening India for