ലണ്ടന്‍: ഇന്ത്യയില്‍ കുറഞ്ഞതു 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണമെന്ന് നിര്‍ദേശം. ധൃതി പിടിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ലോകത്തിലെ ഏറ്റവും പ്രമുഖ വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ടണ്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. മേയ് മൂന്നിനാണ് ഇന്ത്യയില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.
ഇന്ത്യയില്‍ കച്ചവട, വ്യവസായ രംഗം പുനരാരംഭിക്കേണ്ടതുണ്ടെങ്കില്‍ ധൃതി കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്നു റിച്ചാര്‍ഡ് പറഞ്ഞു. വൈറസിന്റെ രണ്ടാം വ്യാപനം ഉണ്ടായാല്‍ അത് ആദ്യത്തേതിനേക്കാള്‍ ഭീകരമായിരിക്കും. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ വീണ്ടും എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരും. അതുകൊണ്ട് തന്നെ സാധ്യമെങ്കില്‍ പത്താഴ്ച വരെ ലോക്ഡൗണ്‍ തുടര്‍ന്നു കൊണ്ടുപോകണംമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ വിജയകരമാണെങ്കില്‍ പത്താഴ്ചയ്ക്കുള്ളില്‍ രോഗത്തിന്റെ തോത് കുറയുന്നതായി കാണാമെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടം കഴിഞ്ഞാല്‍ സാധാരണ നിലയിലേക്കു മടങ്ങാന്‍ കഴിയും. പിന്നീടു സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ തുടരുന്നത് കൂടുതല്‍ ഫലം നല്‍കും. ചൈനയിലെ വുഹാനില്‍ പത്താഴ്ചയിലേറെ നീണ്ട ലോക്ഡൗണ്‍ കൊണ്ടാണു കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
India should aim for 10-week total lockdown, not rush exit: Top health journal editor