Saturday, September 25, 2021
Home News International ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി മക്കളെ വിളിച്ചു പറഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ കായിക താരം അറസ്റ്റില്‍

ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തി മക്കളെ വിളിച്ചു പറഞ്ഞു; അമേരിക്കയില്‍ ഇന്ത്യന്‍ കായിക താരം അറസ്റ്റില്‍

വാഷിങ്ടണ്‍: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം മകനെ വിളിച്ച് വിവരം പറഞ്ഞ ഇന്ത്യന്‍ അതല്റ്റ് അമേരിക്കയില്‍ അറസ്റ്റിലായി. കുറ്റസമ്മതം നടത്തിയ മുന്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവായ ഇഖ്ബാല്‍ സിങ്ങിനെതിരെ കേസില്‍ കൊലക്കുറ്റം ചുമത്തി. പെന്‍സില്‍വാനിയയിലെ ഡെലാവെയര്‍ കൗണ്ടിയില്‍ താമസിക്കുന്ന അറുപത്തിരണ്ടുകാരനായ സിങ് ഞായറാഴ്ച രാവിലെ പോലിസിനെ വിളിച്ചാണ് കൊലപാതകം നടത്തിയ വിവരം അറിയിച്ചത്.

ഉടന്‍ തന്നെ ന്യൂടൗണ്‍ ടൗണ്‍ഷിപ്പിലുള്ള സിങ്ങിന്റെ വീട്ടിലെത്തിയ പോലിസ് രക്തത്തില്‍ കുളിച്ച നിലയിലാണു സിങ്ങിനെ കണ്ടെത്തിയത്. രണ്ടു സ്ത്രീകളുടെയും മൃതദേഹം വീട്ടിനുള്ളിലുണ്ടായിരുന്നു. സിങ് സ്വയം ശരീരത്തില്‍ കത്തി കൊണ്ടു മുറവേല്‍പ്പിച്ചിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട സിങ് ഇപ്പോള്‍ കസ്റ്റഡിയിലാണ്.

അമ്മയെയും ഭാര്യയെയും കൊന്നശേഷം സിങ് വിവരം മകനെയും മകളെയും വിളിച്ചറിയിച്ചിരുന്നു. ‘രണ്ടു പേരെയും ഞാന്‍ കൊന്നു. നിന്റെ അമ്മയെയും മുത്തശിയെയും. പൊലീസിനെ വിളിച്ച് എന്നെ കൊണ്ടുപോകാന്‍ പറയൂ’- എന്നാണ് സിങ് മകനോടു പറഞ്ഞത്. പിന്നീടാണ് മകളെ വിളിച്ചത്.

1983ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇഖ്ബാല്‍ സിങ്. ഇതിനുശേഷമാണ് ഇയാള്‍ അമേരിക്കയിലേക്കു പോയത്. അവിടെ ടാക്സി ഡ്രൈവര്‍ ആയിരുന്നു.

അമ്മയായ നസീബ് കൗറിനെ കഴുത്തു മുറിച്ചാണു കൊലപ്പെടുത്തിയത്. താഴത്തെ നിലയിലെ മുറിയില്‍ നിലത്താണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സിങ്ങിന്റെ ഭാര്യ ജസ്പാല്‍ കൗറിന്റെ മൃതദേഹം മുകള്‍ നിലയിലാണ് ഉണ്ടായിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കൊലപാതക കാരണം വ്യക്തമല്ല. സിങ്ങിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി അറിയില്ലെന്നും പൊലീസ് പറഞ്ഞു. പ്രാര്‍ഥനയും പൂജയുമൊക്കെയായി അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്നയാളായിരുന്നു സിങെന്ന് അയല്‍വാസികള്‍ പറയുന്നു.

Most Popular