ഓസീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള നാല് ഇന്ത്യന്‍ താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റസ്റ്റോറന്റില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകിയെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. മെല്‍ബണിലെ റസ്റ്റോറന്റില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, യുവതാരം ശുഭ്മാന്‍ ഗില്‍, പേസര്‍ നവദീപ് സൈനി എന്നിവര്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ഒരു ആരാധകന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ത്യന്‍ താരങ്ങളുടെ ബില്‍ തുക താനാണ് അടച്ചതെന്നും ആരാധകന്‍ ട്വിറ്ററിലൂടെ അവകാശപ്പെടുന്നു. തുക അടച്ചതായി അറിഞ്ഞപ്പോള്‍ രോഹിത്തും പന്തും അടുത്തുവരികയും ഫോട്ടോയെടുത്തെന്നും ആരാധകന്‍ പറയുന്നു. സംഭവത്തില്‍ ബിസിസിഐ അന്വേഷണം തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ മോണിങ്ങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുതെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തുപോയത്. ടീം ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ ഔട്ട് ഡോര്‍ റെസ്റ്റോറന്റുകളില്‍ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ താരങ്ങള്‍ ഇന്‍ഡോര്‍ ഹോട്ടലിലാണെന്നാണ് മോണിങ്ങ് ഹെറാള്‍ഡ് റിപ്പോട്ട് ചെയ്തിരിക്കുന്നത്.