ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പോകാന്‍ കഴിയുന്ന നാടുകളുടെ പട്ടികയിലേക്ക് തെക്കേ അമേരിക്കയിലെ സുരിനാമിയും കടന്നുവരുന്നു. നിലവില്‍ 20ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര പോകാനാകും. ഈ പട്ടികയിലേക്കാണ് വിസരഹിത യാത്ര സാധ്യമാകുന്ന സുരിനാം കടന്നുവരുന്നത്. ഡച്ച് കൊളോണിയല്‍ വാസ്തുവിദ്യയും ഉഷ്ണമേഖലാ മഴക്കാടുകളും നിറഞ്ഞ തെക്കേ അമേരിക്കയിലെ ചെറിയ രാജ്യമാണ് സുരിനാം.
ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ആദ്യചുവടുവെപ്പ് സ്വീകരിക്കാന്‍ തങ്ങളുടെ രാജ്യം തയാറാണെന്ന് സുരിനാം പ്രസിഡന്റ് ചന്ദ്രിക പേര്‍സാദ് സന്തോഖി പറഞ്ഞു. കഴിഞ്ഞദിവസം ഇന്ത്യ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വംശജനായ സന്തോഖി. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കും അഭിവൃദ്ധി കൊണ്ടുവരുമെന്നും വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തുടര്‍നടപടികള്‍ ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.