Saturday, May 15, 2021
Home News International ഖത്തര്‍ മധ്യസ്ഥതയിലുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ച പാളംതെറ്റുന്നു; അമേരിക്കന്‍ സൈനിക പിന്മാറ്റം വൈകും

ഖത്തര്‍ മധ്യസ്ഥതയിലുള്ള അഫ്ഗാന്‍ സമാധാന ചര്‍ച്ച പാളംതെറ്റുന്നു; അമേരിക്കന്‍ സൈനിക പിന്മാറ്റം വൈകും

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ അന്ത്യഘട്ടത്തിലെത്തിയ ചര്‍ച്ച വഴിമുടങ്ങുന്നു. ഡിസംബറില്‍ ഇരുവിഭാഗവും ധാരണയിലെത്തിയെങ്കിലും പുതിയ സംഭവ വികാസങ്ങള്‍ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായാണ് വിലയിരുത്തല്‍. സൈന്യത്തെ പിന്‍വലിക്കുന്നത് പതുക്കെയാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ താലിബാന്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം.

ഉപാധികളോട് കൂടി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് അമേരിക്കയും നാറ്റോയും ഉറച്ച നിലപാട് എടുക്കണമെന്ന് വെള്ളിയാഴ്ച്ച ആസ്പന്‍ സെക്യൂരിറ്റി ഫോറത്തെ അഭിസംബോധന ചെയ്യവേ ഗനി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ആരംഭിച്ച അഫ്ഗാന്‍ സര്‍ക്കാര്‍-താലിബാന്‍ ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിച്ചിരുന്നു. 2020 ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും തമ്മില്‍ ഒപ്പിട്ട കരാറിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. കരാര്‍ തിയ്യതി മുതല്‍ 14 മാസത്തിനകം അമേരിക്കന്‍, നാറ്റോ സൈന്യം ഘട്ടംഘട്ടമായി പിന്മാറാനായിരുന്നു തീരുമാനം. ട്രംപ് ഭരണത്തിലിരിക്കേ ഒപ്പിട്ട ഈ കരാറിനെ തുടര്‍ന്ന് അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം 2,500 ആയി കുറഞ്ഞിരുന്നു. 2001ന് ശേഷം അഫ്ഗാനില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ഇത്രയും കുറയുന്നത് ആദ്യമായാണ്. 2021 മെയ് മാസത്തോടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനായിരുന്നു തീരുമാനം.

എന്നാല്‍, താലിബാന്‍ കാബൂളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തെ ഈ വര്‍ഷം പൂര്‍ണമായും പിന്‍വലിക്കുന്നതിനോട് ബൈഡന്‍ ഭരണകൂടം യോജിക്കുന്നില്ലെന്ന് വെള്ളിയാഴ്ച്ച പെന്റഗണ്‍ അറിയിച്ചു. ശനിയാഴ്ച്ച അഫ്ഗാന്‍ സൈനിക താവളത്തിന് നേരെ താലിബാന്‍ നടത്തിയ ആക്രമണം ഈ പ്രസ്താവനയോടുള്ള പ്രതികരണമായാണ് കണക്കാക്കുന്നത്. ആക്രമണത്തില്‍ 12 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Most Popular