ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക ചാനല്‍

തെഹ്‌റാന്‍: ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ മിസൈലാക്രമണം. ആക്രമണം നടന്ന കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ സൈനികര്‍ തമ്പടിച്ചിട്ടുള്ള അന്‍ബാര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് താവളം, ഇര്‍ബിലിലെ മറ്റൊരു താവളം എന്നിവയ്ക്കു നേരെയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ ആക്രമണം നടന്നത്. സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കഴിഞ്ഞയാഴ്ച്ച അമേരിക്ക കൊലപ്പെടുത്തിയതിന് തിരിച്ചടിയായാണ് ഇറാന്റെ ആക്രമണം .

ആക്രമണത്തില്‍ 80 ‘അമേരിക്കന്‍ ഭീകരര്‍’ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ ഔദ്യോഗിക ചാനല്‍ അവകാശപ്പെട്ടു. എന്നാല്‍, ഇതിനുള്ള തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. 100 അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്റെ നിരീക്ഷണത്തിലുണ്ടെന്നും അമേരിക്ക തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ അവയ്‌ക്കെതിരേ ആക്രമണം നടക്കുമെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനല്‍ വ്യക്തമാക്കി.

ഇര്‍ബിലിലെയും ഐഎന്‍ അസദിലെയും വ്യോമതാവളങ്ങള്‍ക്കു നേരേ പുലര്‍ച്ചെ 1.45നും 2.25നും ഇടയില്‍ 22 മിസൈലുകള്‍ പതിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. എന്നാല്‍, ഇറാഖി സൈനികര്‍ക്ക് ആര്‍ക്കും അപായമില്ലെന്നും അദ്ദേഹം പറഞ്ഞു. 17 മിസൈലുകള്‍ ഐന്‍ അല്‍ അസദിലും അഞ്ചെണ്ണം ഇര്‍ബിലിലുമാണ് പതിച്ചത്.

സ്വയംപ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയാണ് ഇറാന്‍ സ്വീകരിച്ചതെന്നും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പറഞ്ഞു. എന്നാല്‍, കൂടുതല്‍ അതിക്രമത്തിനു ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക കമാന്‍ഡറുടെ കൊലപാതകത്തിനെതിരായ ഇറാന്റെ പ്രതികാര നടപടി ഇതോടെ അവസാനിപ്പിക്കാനാണ് ഇറാന്‍ ഉദ്ദേശിക്കുന്നതെന്നാണ് പ്രസ്താവനയില്‍ നിന്ന് വ്യക്തമാവുന്നത്.

അതേ സമയം, സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടന്ന കാര്യം സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഇതുവരെ കാര്യങ്ങളെല്ലാം ശുഭകരമാണെന്ന് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Iran fires rockets at US targets in Iraq