ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറണ്ട്‌

ബഗ്ദാദ്: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാഖിലെ ബഗ്ദാദ് ഇന്‍വസ്റ്റിഗേറ്റീവ് കോടതിയുടെ അറസ്റ്റ് വാറണ്ട്. ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ചതാണ് ഈ കോടതി. തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അല്‍ മുഹന്‍ദിസും അടക്കംഏഴ് പേര്‍ കൊല്ലപ്പെട്ടത്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്റെ ഖുദ്സ് സേനാ വിഭാഗം തലവനായിരുന്നു സുലൈമാനി.