അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ്

ബഗ്ദാദ്: വിദേശ സൈനികരെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇറാഖ് പാര്‍ലമെന്റ് പ്രമേയം. ഇറാന്‍ സൈനിക കമാന്‍ഡറെയും ഇറാഖി സായുധവിഭാഗം തലവനെയും അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കേയാണ് പാര്‍ലമെന്റ് പ്രമേയം.

ഞായറാഴ്ച്ച ചേര്‍ന്ന അസാധാരണ പാര്‍ലമെന്റ് സമ്മേളനത്തിലാണ് രാജ്യത്തു നിന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ വിദേശ സൈനികരെയും പുറത്താക്കണമെന്നും ഐഎസിനെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ സഖ്യസൈന്യത്തിന്റെ സഹായംതേടുന്ന കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്.

ഇറാഖിലെ സൈനിക നടപടികള്‍ അവസാനിക്കുകയും ഐഎസിനെതിരേ വിജയം നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ ഇനി വിദേശസേനയുടെ സഹായം ആവശ്യമില്ലെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇറാഖിന്റെ കരയും കടലും ആകാശവും വിദേശ സൈന്യം ഉപയോഗിക്കുന്നത് തടയണമെന്നും പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് പ്രമേയം നടപ്പിലാവണമെങ്കില്‍ നിലവിലുള്ള കരാര്‍ റദ്ദാക്കുന്നതിനുള്ള നിയമം പാസാക്കണം. പ്രമേയം വോട്ടിനിടും മുമ്പ് അമേരിക്ക വേണ്ടേ വേണ്ട, ഇറാഖ് നീണാള്‍ വാഴട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പാര്‍ലമെന്റില്‍ മുഴങ്ങി. ഇറാഖിലെ വിദേശസൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ സമയമായെന്ന് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയും പറഞ്ഞു.

Content Highlights: Iraqi parliament calls for expulsion of foreign troops