ഗസ: ഗസയില്‍ വെടിനിര്‍ത്തലിന് വഴിതേടി ഇസ്രായേല്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥന്റെ പിന്നാലെ കൂടിയതായി വെളിപ്പെടുത്തല്‍.
ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ തുടര്‍ച്ചയായി 11 ദിവസം ബോംബ് വര്‍ഷം നടത്തിയിട്ടും ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് തടിയൂരാന്‍ ഇസ്രായേല്‍ വഴി തേടിയതെന്ന് ഇസ്ലാമിക് ജിഹാദ് പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് അല്‍ ഹിന്ദി വ്യക്തമാക്കി.
ഒരു മധ്യസ്ഥതയ്ക്കും വഴങ്ങില്ലെന്ന് തുടക്കത്തില്‍ വീമ്പടിച്ചിരുന്ന ഇസ്രായേല്‍ ഒടുവില്‍ മധ്യസ്ഥനെ തേടി നടക്കുകയായിരുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടെ കൊല്ലുന്നതിന് അപ്പുറം മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലാത്തതിനാലാണ് വെടിനിര്‍ത്തേണ്ടി വന്നത്. മാത്രമല്ല, അന്താരാഷ്ട്ര രംഗത്ത് ഇസ്രായേലിനുണ്ടായിരുന്ന പിന്തുണയും കുറഞ്ഞുകൊണ്ടിരുന്നു. അമേരിക്കയില്‍ നിന്നു പോലും എതിര്‍പ്പുകളുയര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസങ്ങളില്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥന്‍ ഹമാസുമായും ഇസ്ലാമിക് ജിഹാദുമായും ബന്ധപ്പെട്ടിരുന്നു. ഞങ്ങള്‍ അവരോട് പറഞ്ഞത് ഇതാണ്-‘ ഞങ്ങള്‍ വെടിനിര്‍ത്തലിന് വേണ്ടി അപേക്ഷിക്കില്ല. നേരിട്ടുള്ളതല്ലാത്ത ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ ഒരുക്കമല്ല. ശത്രുക്കള്‍ അത് മാനിക്കില്ലെന്ന് ഞങ്ങള്‍ക്ക് മുന്‍ അനുഭവമുള്ളതാണ്”.
ഞങ്ങളുടെ നിലപാട് മനസ്സിലായതോടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രായേല്‍ സന്നദ്ധമായത്. അവര്‍ ലംഘിച്ചാല്‍ ഞങ്ങളും തിരിച്ചടിക്കും. ചെറുത്ത്‌നില്‍പ്പിന് ഏത് നിമിഷവും ഞങ്ങള്‍ ഒരുക്കമാണെന്നും അല്‍ ഹിന്ദി പറഞ്ഞു.
ശത്രുവിനെ പരാജയപ്പെടുത്തിയതിന് പുറമേ മറ്റ് പല ലക്ഷ്യങ്ങളും ഈ യുദ്ധത്തിലൂടെ നേടാന്‍ സാധിച്ചു. ഫലസ്തീന്‍ വിഷയം വീണ്ടും ലോക തലത്തില്‍ ചര്‍ച്ചയായി. ഇതൊരു മാനുഷിക സഹായത്തിന്റെ വിഷയമല്ലെന്നും ഒരു ജനത അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടമാണെന്നും ലോകത്തിന് മനസ്സിലാക്കാനായി.
ഫലസ്തീന്‍ ജനതയെ മുഴുവന്‍ ഐക്യപ്പെടുത്താനും പുതിയ സംഭവങ്ങള്‍ക്ക് സാധിച്ചു. ഗസ ചെറുത്തുനിന്നു, വെസ്റ്റ് ബാങ്ക് ഉയിര്‍ത്തെഴുന്നേറ്റു, 1948ല്‍ ഇസ്രായേല്‍ കൈയേറിയ അധിനിവേശ പ്രദേശങ്ങളിലും വിപ്ലവത്തിന്റെ തീജ്വാലകളുയര്‍ന്നു. എല്ലാവരും അവരുടേതായ പങ്കുനിര്‍വഹിച്ചു. എല്ലാസ്ഥലങ്ങളിലും ഫലസ്തീന്റെ ഐക്യപ്പെടല്‍ ദൃശ്യമായെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെ അടിയറവ് പറയിക്കാമെന്ന ശത്രുക്കളുടെ സ്വപ്‌നം നടപ്പിലാവില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ഫലസ്തീന്‍ ജനത ചെറുത്തുനില്‍ക്കുന്നേടത്തോളം ഓസ്ലോ കരാറോ ചില രാജ്യങ്ങള്‍ അവരുമായി ബന്ധം സ്ഥാപിച്ചതോ ട്രംപിന്റെ നേതൃത്വത്തിലുണ്ടാക്കിയ കരാറോ ഇസ്രായേലിന് ഒരു ഗുണവും ചെയ്യാന്‍ പോകുന്നില്ല.
മേഖലയുടെ സമാധാനം ഫലസ്തീന്‍ ജനതയുടെ കൈയിലാണ്. ഞങ്ങളുടെ അവകാശം പൂര്‍ണമായി ലഭിക്കുവോളം പോരാട്ടം തുടരുമെന്നും അല്‍ഹിന്ദി തുറന്നടിച്ചു.
ALSO WATCH