ഇസ്രായേല്‍ ഗസാ അതിര്‍ത്തിയില്‍ വെടിവയ്പ്പ്; 41 പേര്‍ക്ക് പരിക്ക്

israel gaza border conflict

ഗസാ സിറ്റി: ഇസ്രയേല്‍- ഗസാ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു. ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനു നടന്ന വെടിവയ്പ്പില്‍ 41 പേര്‍ക്ക് പരുക്ക്. 52 വര്‍ഷം മുന്‍പ് നടന്ന മസ്ജിദുല്‍ അഖ്‌സ തീവയ്പ്പിന്റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ റാലിക്കു നേരെയായിരുന്നു ഇസ്രായേല്‍ ക്രൂരത. പരിക്കേറ്റവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു ഇസ്രായേല്‍ സൈനികനും പരിക്കേറ്റു.

കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കും ഗസയില്‍ നടത്തിയ കനത്ത ബോംബുവര്‍ഷത്തിനും മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് വീണ്ടും ആക്രമണം.