Sunday, October 24, 2021
HomeNewsInternationalഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍; അമേരിക്ക ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന്...

ഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍; അമേരിക്ക ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായ സൂചന

തെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുനരവലോകനം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഇസ്രായേല്‍. ഇറാനുമായി 2015ലെ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങുന്നത് തെറ്റായ ചുവട് വയ്പ്പായിരിക്കുമെന്നും ഇസ്രായേല്‍. തെല്‍ അവീവ് യൂനിവേഴ്‌സിറ്റിയിലെ ഇന്‍സറ്റിറ്റിയൂട്ട് ഫോര്‍ നാഷനല്‍ സെക്യൂരിറ്റി സ്റ്റഡീസില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രായേലി സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ അവീവ് കൊച്ചാവി ആണ് ഇക്കാര്യം പറഞ്ഞത്.

അടിസ്ഥാനപരമായ വിശകലനത്തിന്റെ വെളിച്ചത്തില്‍ നിരവധി ഓപറേഷനല്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ ഇസ്രായേലി പ്രതിരോധ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള പ്ലാനുകള്‍ കൂടാതെയാണിത്-കൊച്ചാവി പറഞ്ഞു. ഇത് നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. എന്നാല്‍, എല്ലാ ഒരുക്കങ്ങളും സൈന്യം പൂര്‍ത്തീകരിക്കും.

ഇറാനുമായി നടത്തുന്ന ഏത് നയതന്ത്ര നീക്കവും ജാഗ്രതയോടെ വേണമെന്ന്് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമായ സന്ദേശം നല്‍കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

ഇറാനുമായി 2015ലെ ആണ കരാറിലേക്ക് തിരികെ പോകുന്നത് മോശമായ കാര്യമായിരിക്കും. തന്ത്രപരമായും പ്രാവര്‍ത്തിക തലത്തിലും അത് തെറ്റായ നടപടിയുമാണ്- കൊച്ചാവി പറഞ്ഞു. അമേരിക്കന്‍ നയങ്ങള്‍ക്കെതിരേ ഇസ്രായേലി സൈന്യത്തലവന്‍ ഇത്തരം പ്രസ്താവന നടത്തുന്നത് അപൂര്‍വ്വമാണ്. സര്‍ക്കാരിന്റെ അനുമതിയോട് കൂടിയല്ലാതെ ഇങ്ങിനെയൊരു പ്രസ്താവനയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ബൈഡന്റെ മുന്‍ഗാമിയായ ഡോണാള്‍ഡ് ട്രംപ് 2018ലാണ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയത്. ഇതിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വാഗതം ചെയ്തിരുന്നു. ഇറാനെതിരേ ഉപരോധത്തില്‍ ഇളവ് വരുന്നത് അണ്വായുധം വികസിപ്പിക്കുന്നതിനുള്ള ഇറാന്‍ പദ്ധതിക്ക് സഹായകമാവുമെന്നാണ് ഇസ്രായേല്‍ ആരോപണം. ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധമല്ലാതെ വഴിയില്ലെന്ന് ഒരു ഇസ്രായേല്‍ മന്ത്രി നേരത്തേ പരസ്യമായി പറഞ്ഞിരുന്നു.

2015ലെ ആണവ കരാറിലേക്ക് തിരിച്ചു പോവുകയാണ് മിഡില്‍ ഈസ്റ്റിലെ ആണവായുധ മല്‍സരം അവസാനിപ്പിക്കാന്‍ നല്ലതെന്ന് ഡിസംബറില്‍ ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ബൈഡന്‍ നടപടിലേക്ക് നീങ്ങും മുമ്പ് തന്നെ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇസ്രായേല്‍ ലക്ഷ്യം.
ALSO WATCH

Most Popular