
ഇറാന്റെ ഭീഷണിക്ക് പിന്നാലെ യു.എ.ഇയിലേക്കും ബഹ്റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശവുമായി ഇസ്രായേല്‍
ടെല്‍ അവീവ്: യു.എ.ഇയിലേക്കും ബഹ്റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്ക്ക് നിര്‍ദേശം നല്കി ഇസ്രായേല്‍. യു.എ.ഇയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിന് പുറമെ ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, അഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ യാത്ര ഒഴിവാക്കണമെന്നും ഇസ്രഈല്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേല്‍ പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്.
ഇറാനില്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ഗള്‍ഫ് രാഷ്ട്രങ്ങളോട് ചോദ്യങ്ങളുമായി ഇറാന് രംഗത്തെത്തിയിരുന്നു. ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാനോട് യുദ്ധം ചെയ്യാനാണോ യു.എ. ഇ ശ്രമിക്കുന്നതെന്ന് ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരിഫ് ചോദിച്ചു. ഇസ്രായേലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യു.എ.ഇ ഒപ്പുവെച്ച നോര്മലൈസേഷന് കരാറുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഇറാന് വിദേശകാര്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
”നമ്മള് അയല്‍ക്കാരാണ്. നമ്മള് ഈ മേഖലയില്‍ ഒരുമിച്ച് നില്‍ക്കേണ്ടവരുമാണ്. ഇസ്രഈലിനെ ഇവിടെ ഒരു യുദ്ധത്തിന് നിങ്ങള്‍ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല” ജാവേദ് പറഞ്ഞു. എന്തുകൊണ്ടാണ് പശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലി ഭീകരവാദത്തെ പിന്തുണക്കുന്നത്, എന്തുകൊണ്ടാണ് ഇസ്രായേല്‍ നിരന്തരം ഇറാനെതിരെ ആക്രമണം ഉയര്‍ത്തുന്നത്? ഇത് എന്തുകൊണ്ടാണ് പശ്ചാത്യ രാജ്യങ്ങള്‍ അപലപിക്കാത്തതെന്നും ഇറാന് ചോദിച്ചിരുന്നു.
ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സീന് ഫക്രീസാദെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാന് പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇതുവരെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം ഇനിമുതല്‍ ഇറാന്റെ ആണവ പദ്ധതിയില്‍ അന്തരാഷ്ട്ര മേല്‍നേട്ടം വേണ്ടെന്ന നിലപാട് ഫ്രക്രീസാദെയുടെ കൊലപാതകത്തിന് പിന്നാലെ സ്വീകരിച്ച ഇറാന് ചൊവ്വാഴ്ച ഈ നിയമത്തിന് പാര്‍ലമെന്റില്‍ അംഗീകാരവും നല്‍കിയിരുന്നു.