Thursday, June 17, 2021
Home News International ഇസ്രായേല്‍ ബോംബിങില്‍ ഗസാ സിറ്റിയിലെ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം 56 ആയി, സംഘര്‍ഷം ശക്തമാകുന്നു

ഇസ്രായേല്‍ ബോംബിങില്‍ ഗസാ സിറ്റിയിലെ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം 56 ആയി, സംഘര്‍ഷം ശക്തമാകുന്നു

ഗസാ സിറ്റി: മൂന്നാം ദിവസവും തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗസാ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കമാന്‍ഡര്‍ ബാസിം ഇസ്സ ഉള്‍പ്പെടെ മുതിര്‍ന്ന 16 നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.

ഫലസ്തീന്‍ സായുധ സംഘടനകളുടെയും പോലിസ്, സുരക്ഷാ സേനയുടെയും കെട്ടിടങ്ങള്‍ ഇസ്രായേല്‍ ബോംബിങില്‍ തകര്‍ന്നതായി പ്രാദേശിക വൃത്തങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ ബോംബ് വര്‍ഷത്തില്‍ 14 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 56 പേര്‍ കൊല്ലപ്പെട്ടതായി ഗസാ ആരോഗ്യ മന്ത്രി അറിയിച്ചു. 300ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിരിച്ചടിയിയായി ഇസ്രായേലിലെ വിവിധ പ്രദേശങ്ങള്‍ക്കു നേരെ ഹമാസും ഇസ്ലാമിക് ജിഹാദും നടത്തിയ റോക്കറ്റാക്രമണത്തില്‍ ആറ് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. 1,500ഓളം റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ തൊടുടുത്തുവിട്ടത്. ഇവയില്‍ പലതും ഇസ്രായേലിന്റെ ആധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യംകണ്ടു.

തെല്‍ അവീവിലേക്കുള്ള യുഎസ് വിമാനങ്ങള്‍ റദ്ദാക്കി
ഗസയില്‍ നിന്നുള്ള റോക്കറ്റുകള്‍ തെല്‍ അവീലും പതിച്ചതോടെ അവിടെക്കുള്ള അമേരിക്കന്‍ വിമാനങ്ങള്‍ റദ്ദാക്കി. ഫ്രഞ്ച് വിമാനങ്ങളും റദ്ദാക്കിയതായി റിപോര്‍ട്ടുണ്ട്.

ഇറാന്‍ വിദേശകാര്യമന്ത്രി ഫലസ്തീന്‍ സായുധ സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി
സിറിയയിലേക്കുള്ള സന്ദര്‍ശനത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് വിവിധ ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി. സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സംഘടനയായ പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ ജനറല്‍ കമാന്‍ഡ് ജനറലും ഇതില്‍ ഉള്‍പ്പെടുന്നു.

അല്‍ശുറൂഖ് ടവര്‍ തകര്‍ത്തതിന് പ്രതികാരം


ഗസാ സിറ്റിയിലെ ബഹുനില കെട്ടിടമായ അല്‍ ശുറൂഖ് ടവര്‍ തകര്‍ത്തതിന് തിരിച്ചടിയായി ഇസ്രായേലിലേക്ക് 130 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് അറിയിച്ചു. ഹമാസ് ആക്രമണത്തെ തുടര്‍ന്ന് തെല്‍ അവീവില്‍ ഉള്‍പ്പെടെ അപായ സൈറണ്‍ മുഴങ്ങി. ചുരുങ്ങിയത് ഏഴ് റോക്കറ്റുകളെങ്കിലും ഇസ്രായേലിന്റെ മിസൈല്‍വേധ സംവിധാനമായ അയേണ്‍ ഡോമിനെ മറികടന്ന് അശ്കലോണില്‍ പതിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേലിനെ പാഠം പഠിപ്പിക്കണമെന്ന ഉര്‍ദുഗാന്‍

Erdogan
ഫലസ്തീനോടുള്ള ഇസ്രായേല്‍ മനോഭാവത്തില്‍ മാറ്റം വരുത്തുന്ന ശക്തമായ പാഠം അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ പഠിപ്പിക്കേണ്ടതുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാളിദിമിര്‍ പുടിനോട് പറഞ്ഞു. പുടിനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഉര്‍ദുഗാന്‍ ഇക്കാര്യം പറഞ്ഞത്.

ഇടപെട്ട് അമേരിക്ക
സംഘര്‍ഷം ലഘൂകരിക്കാന്‍ അമേരിക്ക ഉന്നത തല ചര്‍ച്ചകള്‍ ആരംഭിച്ചു. 25ഓളം ഉന്നത തല ടെലഫോണ്‍ സംഭാഷണങ്ങളും യോഗങ്ങളും നടത്തിയതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു. ഖത്തര്‍, തുണീസ്യ, ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായും ചര്‍ച്ച നടന്നു.
ALSO WATCH

Most Popular