News Flash
X
ഇസ്രായേല്‍-ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം; സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി

ഇസ്രായേല്‍-ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം; സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി

personGulf Malayaly access_timeMonday October 19, 2020
HIGHLIGHTS
ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ധാരണയായി.

മനാമ: സമാധാന ഉടമ്ബടി ഒപ്പുവെച്ചതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സഹകരണം ഉറപ്പാക്കുന്നതിനായി ബഹ്‌റൈന്‍, അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംയുക്ത പ്രവര്‍ത്തക സംഘം ചര്‍ച്ചകള്‍ നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തുടര്‍ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍, അമേരിക്കന്‍ പ്രതിനിധി സംഘം ബഹ്‌റൈനില്‍ എത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനൂച്ചിന്‍, ഇസ്രായേല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മാഇര്‍ ബിന്‍ ഷബാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്.

സെപ്റ്റംബര്‍ 15ന് വാഷിങ്ടണിലാണ് ബഹ്‌റൈനും ഇസ്രായേലും സമാധാന പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ബഹ്‌റൈനില്‍ എത്തിയ പ്രതിനിധി സംഘം കരാറുകളില്‍ ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതായി ഇസ്രായേല്‍ ഔദ്യോഗിക പ്രതിനിധി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പൂര്‍ണാര്‍ഥത്തിലുള്ള നയതന്ത്ര ബന്ധമാണ് നിലവില്‍ വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ധാരണയായി. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെ ചെറുക്കാന്‍ ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള കരാര്‍ പ്രകാരം സാധ്യമാകുമെന്ന പ്രതീക്ഷയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കുണ്ട്. പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യ സുരക്ഷ, സാങ്കേതിക വിദ്യ, ബാങ്കിങ് എന്നീ മേഖലകളില്‍ സഹകരണം സാധ്യമാകുമെന്നും കരുതുന്നു.

വിദേശകാര്യ മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുള്ള ബിന്‍ അഹ്മദ് ആല്‍ ഖലീഫ, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് താമര്‍ അല്‍ കാബി, വ്യവസായ, വാണിജ്യ ടൂറിസം മന്ത്രാലയത്തിലെ വാണിജ്യകാര്യ അണ്ടര്‍സെക്രട്ടറി ഇമാന്‍ അഹ്മദ് അല്‍ ദോസരി എന്നിവരാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്.

ഇസ്രായേല്‍ ചാര സംഘടനായ മൊസാദ് തലവന്റെ നേതൃത്വത്തില്‍ ബഹ്‌റൈന്‍, ഇസ്രായേല്‍ സുരക്ഷാ തലവന്മാര്‍ തമ്മില്‍ നേരത്തെ കൂടിക്കാഴ്ച നടന്നിരുന്നു. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും. നേരത്തെ 1979ല്‍ ഈജിപ്ത്, ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1994ല്‍ ജോര്‍ദാനാണ് ഇതിനുമുമ്ബ് ഇസ്രയേലുമായി കരാര്‍ ഒപ്പുവെച്ചത്.

SHARE :
folder_openTags
content_copyCategory