Saturday, October 23, 2021
HomeNewsInternationalദക്ഷിണ ലബ്‌നാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ദക്ഷിണ ലബ്‌നാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം

തെല്‍ അവീവ്: ദക്ഷിണ ലബ്‌നാനിലെ നിരവധി കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തങ്ങള്‍ക്ക് നേരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. റോക്കറ്റുകള്‍ വിക്ഷേപിച്ച കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഗസയിലെ ഫലസ്തീന്‍ പോരാളികള്‍ക്കു നേരെയും സിറിയയിലെ ഹിസ്ബുല്ല, ഇറാന്‍ ലക്ഷ്യങ്ങള്‍ക്കു നേരെയും ഇസ്രായേല്‍ ഇടയ്ക്കിടെ വ്യോമാക്രമണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, 2014ന് ശേഷം ആദ്യമായാണ് ലബ്‌നാനില്‍ ആക്രമണം നടത്തുന്നത്. 2006ല്‍ ഹിസ്ബുല്ലയുമായി നടന്ന യുദ്ധത്തിന് ശേഷം ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തി പ്രദേശം പൊതുവേ ശാന്തമായിരുന്നു.

ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ മഹ്‌മൂദി നഗരത്തിന് സമീപം അര്‍ധരാത്രിക്കു ശേഷം രണ്ടു തവണ ആക്രമണം നടത്തിയതായി ഹിസ്ബുല്ല ചാനലായ അല്‍ മനാര്‍ ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. ലബ്‌നാന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയും ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്.

ലബ്‌നാനില്‍ നിന്ന് ഇസ്രായേലിലേക്ക് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് റോക്കറ്റാക്രമണം നടക്കുന്നത്. ബുധനാഴ്ച്ച വിക്ഷേപിച്ച മൂന്ന് റോക്കറ്റുകളില്‍ രണ്ടെണ്ണം ഇസ്രായേല്‍ നഗരമായ കിരിയത്ത് ഷിമോണയ്ക്ക് സമീപം പതിച്ചിരുന്നു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Most Popular