ദുബൈ: ഒമാന്‍ ഉള്‍ക്കടലിലുണ്ടായ ദുരൂഹ സ്‌ഫോടനത്തില്‍ കേടുപാട് പറ്റിയ ഇസ്രായേലി കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഞായറാഴ്ച്ച ദുബൈ തുറുമുഖത്ത് അടുപ്പിച്ചു. ഇറാനുമായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയുണ്ടായ സ്‌ഫോടനം മിഡില്‍ ഈസ്റ്റ് ജലപാതയില്‍ സുരക്ഷാ ആശങ്ക സൃഷ്ടിച്ചിരുന്നു. എംവി ഹീലിയോസ് റേ എന്ന കൂറ്റന്‍ കപ്പല്‍ ദുബൈ റാഷിദ് തുറമുഖത്താണ് അടുപ്പിച്ചത്.
സ്‌ഫോടനത്തില്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും അപകടം പറ്റിയിരുന്നില്ലെങ്കിലും കപ്പലിന്റെ വശങ്ങളില്‍ തുളവീണിരുന്നു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍, 2015ലെ ആണവ കരാറിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സംഭവം. മുന്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കിയ കരാര്‍ പുനസ്ഥാപിക്കാന്‍ ഇറാന്‍ ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.
സ്‌ഫോടനത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ് തങ്ങളുടെ പ്രാഥമിക നിഗമനെന്ന് ശനിയാഴ്ച്ച ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ആരോപിച്ചിരുന്നു. ഇറാന്‍ ഇതിന് മുമ്പ് നടത്തിയ ആക്രമണങ്ങളുടെ രീതി ഇതിലും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഗള്‍ഫിലെ വിവിധ തുറമുഖങ്ങളില്‍ കാറുകള്‍ ഇറക്കിയ ശേഷം സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. സൗദിയിലെ ദമ്മാം തുറുമുഖത്ത് നിന്ന് ഒമാന്‍ ഉള്‍ക്കടലിന് പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെകുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, കപ്പല്‍ ചാരപ്രവര്‍ത്തന ദൗത്യത്തിലായിരുന്നുവെന്ന് സംശയിക്കുന്നതായി ഇറാനിലെ കൈഹാന്‍ ദിനപത്രം ആരോപിച്ചിരുന്നു.
ALSO WATCH