Monday, June 21, 2021
Home News International ദുരിത ഭൂമിയായി ഗസ്സ; ആക്രമണം വീണ്ടും ശക്തമാക്കാനൊരുങ്ങി ഇസ്രായേൽ; സ്ഥിതി രൂക്ഷം

ദുരിത ഭൂമിയായി ഗസ്സ; ആക്രമണം വീണ്ടും ശക്തമാക്കാനൊരുങ്ങി ഇസ്രായേൽ; സ്ഥിതി രൂക്ഷം

ഗസ്സയ്ക്ക് മേലുള്ള ആക്രമണം വീണ്ടും ശക്തമാക്കി ഇസ്രായേൽ. ഇതുവരെ 58 കുട്ടികളും 34 സ്​ത്രീകളുമുള്‍പെടെ 192 മരണമാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്​. ഹമാസ്​ ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങളില്‍ രണ്ട്​ കുട്ടികളുള്‍പെടെ 10 പേരും മരിച്ചു.
എട്ടുദിവസത്തിനിടെ ഏറ്റവും കനത്ത ആക്രമണം നടന്ന ഞായറാഴ്ച 42 ഫലസ്​തീനികളാണ്​ കൊല്ല​പ്പെട്ടത്​.

മുന്നു കെട്ടിടങ്ങള്‍​ ഇസ്രായേൽ തകര്‍ത്തപ്പോള്‍ നിരവധി കുടുംബങ്ങൾക്ക് പരിക്കേറ്റിരുന്നു. ഗസ്സയിലെ ഹമാസ്​ മേധാവി യഹ്​യ സിന്‍വറിന്‍റെ വീടും തകര്‍ക്കപ്പെട്ടു. നഗരത്തിന്‍റെ തെക്ക്​, പടിഞ്ഞാര്‍ മേഖലകളില്‍ നടക്കുന്ന ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ .വിവിധ കെട്ടിടങ്ങള്‍ തകര്‍ക്ക​പ്പെടുകയും നിരത്തുകള്‍ ബോംബുവര്‍ഷത്തിന്‍റെ അവശിഷ്​ടങ്ങളാല്‍ നിറയുകയും ചെയ്​തതോടെ ഗസ്സയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുകയാണ്​. വൈദ്യുതി ലൈനുകള്‍ നേരത്തെ തകര്‍ത്ത ഇസ്രായേല്‍ കുടിവെള്ള വിതരണ സംവിധാനവും ബോംബിട്ട്​ നശിപ്പിച്ചിട്ടുണ്ട്​. നഗരത്തില്‍ 10 വൈദ്യുതി ലൈനുകളില്‍ ആറും നിശ്​ചലമാണ്​. ഇതോടെ, പകുതി ഇടങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട്​ ദിവസങ്ങളായി. അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാണ്​. ആക്രമണത്തിനു പുറമെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്​ ഗസ്സയില്‍ പ്രവേശന വിലക്കും ഇസ്രായേല്‍ ഏര്‍പെടുത്തിയത്​ കടുത്ത മാനുഷിക ദുരന്തത്തിലേക്ക്​ കാര്യങ്ങള്‍ എത്തിക്കുമെന്ന്​ യു.എന്‍ ജീവകാരുണ്യ ഓഫീസ്​ (ഒ.സി.എച്ച്‌​.എ) മുന്നറിയിപ്പ്​ നല്‍കി. മത്സ്യബന്ധനത്തിന്​ ഗസ്സയില്‍നിന്ന്​ ഫലസ്​തീനികള്‍ക്ക്​ കടലില്‍​ പോകുന്നതിനും ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്​. കടല്‍വെള്ള സംസ്​കരണ പ്ലാന്‍റ്​ ഇവിടെ നിശ്​ചലമായത്​ കുടിവെള്ളം കിട്ടാക്കനിയാക്കിയ മേഖലകളുണ്ട്​.
ഗസ്സയിൽ സംഘർഷം ശക്തമായതോടെ പലായനം ചെയ്യുന്നവരുടെ സംഖ്യ കുത്തനെ ഉയരുകയാണ്​.

അതേസമയം ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു.വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും ആവർത്തിച്ചു. സൈന്യത്തെ മുഴുവൻ ഉപയോഗിച്ച്‌ പാലസ്തീനില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് നിലപാട്.

Most Popular