Sunday, August 1, 2021
Home News International യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി

യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി

റോം: യൂറോകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇറ്റലി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. മാനുവല്‍ ലൊക്കാറ്റലിയാണ് ഇറ്റലിക്കായി രണ്ടു ഗോളുകള്‍ നേടിയത്. സീറോ ഇമോബില്ലേയുടെയാണ് മൂന്നാം ഗോള്‍. വിജയത്തോടെ യൂറോ കപ്പ് നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായി ഇറ്റലി. ആദ്യ മത്സരത്തില്‍ തുര്‍ക്കിക്കെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച ഇറ്റലി ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്.

ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇറ്റലി സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങിയത്.
മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ പതിയെ ഇറ്റലി മത്സരത്തില്‍ സജീവമായി. ആക്രമിച്ച് കളിക്കാനാണ് ഇറ്റലി ശ്രമിച്ചത്. 10-ാം മിനിട്ടില്‍ സീറോ ഇമ്മൊബിലിന് മികച്ച ഒരു അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ഹെഡ്ഡര്‍ സ്വിസ് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു.

മത്സരം പുരോഗമിക്കുംതോറും ഇറ്റലി കൂടുതല്‍ ശക്തി പ്രാപിച്ചുവന്നു. ആക്രമണങ്ങളുമായി സ്വിസ് ഗോള്‍മുഖത്ത് ഭീതി പരത്താന്‍ ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിരോധം ശക്തമാക്കി. പക്ഷേ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് 20-ാം മിനിട്ടില്‍ പ്രതിരോധതാരം ചെല്ലിനി ഗോള്‍ നേടി. എന്നാല്‍ വാറിന്റെ സഹായത്തോടെ റഫറി ഗോള്‍ അസാധുവാക്കി. ഗോളടിക്കും മുന്‍പ് പന്ത് ചെല്ലിനിയുടെ കൈയ്യില്‍ തട്ടിയതുമൂലമാണ് ഗോള്‍ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയില്‍ നിന്നും പിന്മാറി.

ചെല്ലിനി മടങ്ങിയതിനുതൊട്ടുപിന്നാലെ ഇറ്റലി മത്സരത്തിലെ ആദ്യ ഗോള്‍ നേടി. മാനുവേല്‍ ലോക്കാട്ടെല്ലിയാണ് ഇറ്റലിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 26-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിയ്ക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിയ്ക്ക് വന്നുള്ളൂ. ഇറ്റലിയ്ക്കായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 2020 യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് താരം സ്വന്തമാക്കി.

52-ാം മിനിട്ടില്‍ അത്യുഗ്രന്‍ ഗോള്‍ നേടിക്കൊണ്ട് മാനുവേല്‍ ലോക്കാട്ടെല്ലി ഇറ്റലിയ്ക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചു.. 75-ാം മിനിട്ടില്‍ ലഭിച്ച സുവര്‍ണാവസരം സീറോ ഇമ്മൊബിലെ പാഴാക്കി. എന്നാല്‍ 88-ാം മിനിട്ടില്‍ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്‌സിന് വെളിയില്‍ നിന്നും താരമെടുത്ത കിക്ക് ഗോള്‍കീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് പരാജയം ഉറപ്പിച്ചു.
തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി ഇറ്റലി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.

 

 

 

 

 

Most Popular