ബൈഡന്‍റെ വൈറ്റ്​ ഹൗസില്‍ ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ വംശജ

SAMEERA FAZLI

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സമീറ ഫാസിലി ബൈഡന്‍ ഗവണ്‍മെന്റിന്റെ ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറാകും. വൈറ്റ്ഹൗസ് ആസ്ഥാനമായുള്ള ദേശീയ സാമ്ബത്തിക കൗണ്‍സിലിനാണ് ഭരണകൂടത്തിന്റെ സാമ്ബത്തിക നയ രൂപവത്കരണ ചുമതല. യു.എസ് പ്രസിഡന്റിന് സാമ്ബത്തിക ഉപദേശം നല്‍കുന്നതും കൗണ്‍സിലാണ്. വരാനിരിക്കുന്ന ബൈഡന്‍ ഭരണകൂടത്തില്‍ ചുമതല ലഭിക്കുന്ന കശ്മീരി വേരുകളുള്ള രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണ് ഫാസിലി.

ബൈഡന്‍- ഹാരിസ് കൂട്ടുകെട്ടിന്റെ എക്കണോമിക് ഏജന്‍സി മേധാവിയാണ് നിലവില്‍ ഫാസിലി. നേരത്തെ, അറ്റ്‌ലാന്റ ഫെഡറല്‍ റിസര്‍വ് ബാങ്കിലും ഇവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു. നേരത്തെ, ഒബാമ- ബൈഡന്‍ ഭരണകൂടത്തില്‍ ഫാസിലി ഇതേ കൗണ്‍സിലില്‍ സീനിയര്‍ പോളിസി ഉപദേഷ്ടാവായി ഫാസിലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് മുമ്പ് യേല്‍ ലോ സ്‌കൂള്‍ ക്ലിനിക്കല്‍ ലക്ചററായിരുന്നു.

യേല്‍ ലോ സ്‌കൂള്‍, ഹാര്‍വാര്‍ഡ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാസിലി ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ജോര്‍ജിയയിലാണ് താമസം.