Sunday, September 19, 2021
Home News International ഗ്രാമങ്ങള്‍ കീഴടക്കിയ താലിബാന്‍ നഗരഹൃദയങ്ങളിലേക്ക് മുന്നേറുന്നു; കാന്തഹാര്‍ എയര്‍പോര്‍ട്ടില്‍ റോക്കറ്റാക്രമണം

ഗ്രാമങ്ങള്‍ കീഴടക്കിയ താലിബാന്‍ നഗരഹൃദയങ്ങളിലേക്ക് മുന്നേറുന്നു; കാന്തഹാര്‍ എയര്‍പോര്‍ട്ടില്‍ റോക്കറ്റാക്രമണം

കാബൂള്‍: പ്രധാന നഗരങ്ങളില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ സേനയെ വിറപ്പിച്ച് മുന്നേറുന്ന താലിബാന്‍ ദക്ഷിണ അഫ്ഗാനിലെ പ്രധാന വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണം നടത്തി. ഞായറാഴ്ച്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മൂന്ന് റോക്കറ്റുകള്‍ വിമാനത്തിന്റെ റണ്‍വേയില്‍ പതിച്ചു. ഇതേ തുടര്‍ന്ന് അഫ്ഗാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ കാന്തഹാറില്‍ നിന്ന് പുറത്തേക്കുള്ള വിമാനങ്ങള്‍ നിലച്ചു.

തങ്ങള്‍ക്കെതിരേ വ്യോമാക്രമണം നടത്താന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാണ് കാന്തഹാര്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു. താലിബാന്‍ നഗരം കീഴടക്കുന്നതില്‍ നിന്ന് തടയുന്നതിനാവശ്യമായ സൗകര്യങ്ങളും വ്യോമ പ്രതിരോധവും തീര്‍ക്കുന്നതില്‍ നിര്‍ണായകമായിരുന്നു കാന്തഹാര്‍ എയര്‍പോര്‍ട്ട്.

യുഎസ് സേന അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നതിന്റെ അന്തിമഘട്ടം മെയ് മാസം ആദ്യത്തില്‍ ആരംഭിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. ഗ്രാമപ്രദേശങ്ങളില്‍ വലിയൊരു ഭാഗവും പ്രധാന അതിര്‍ത്തി പ്രദേശങ്ങളും കീഴടക്കിയ ശേഷം താലിബാന്‍ ഇപ്പോള്‍ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കു നീങ്ങുകയാണ്.

ലശ്കര്‍ ഗാഹ്, കാന്തഹാര്‍, ഹിറാത്ത് എന്നീ നഗരങ്ങളില്‍ താലിബാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സമ്മര്‍ദ്ദത്തിലൂടെ നിലവിലുള്ള സര്‍ക്കാരിനെ താഴെയിറങ്ങാന്‍ പ്രേരിപ്പിക്കുകയാണ് താലിബാന്‍ ലക്ഷ്യമിടുന്നത്. ലഷ്‌കര്‍ ഗാഹില്‍ കടുത്ത പോരാട്ടം നടക്കുന്നതായാണ് ദൃക്‌സാക്ഷികളുടെ റിപോര്‍ട്ട്.
ALSO WATCH

Most Popular