ലണ്ടന്‍: വടക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം ലോകത്തൊട്ടാകെ പടര്‍ന്നുപിടിക്കുമെന്നും കൂട്ടത്തില്‍ ഏറ്റവും വ്യാപിക്കുന്നത് ഈ വൈറസ് ആയിരിക്കുമെന്നും യുകെയിലെ ജനറ്റിക് സര്‍വെയ്ലന്‍സ് പ്രോഗ്രാം മുന്നറിയിപ്പ് നല്കി. കോവിഡ് വൈറസുകളിലെ ജനിതക വ്യതിയാനത്തെ പറ്റി ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍.
ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റില്‍ കണ്ടെത്തിയ വൈറസ് വകേേഭദം ഇതിനകം 50ലേറെ രാജ്യങ്ങളിലേക്കു പടര്‍ന്നു കഴിഞ്ഞു. യുകെയില്‍ വീണ്ടുമൊരു ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന രീതിയിലാണ് ഈ വൈറസ് വ്യാപിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളും കെന്റിന്റെ ഭീഷണിയിലാണ്. മറ്റു വൈറസ് വകഭേദങ്ങളേക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപന ശേഷിയും 30 ശതമാനം പ്രഹര ശേഷിയുമുള്ളതാണ് കെന്റ്.
യുകെയില്‍ കാട്ടുതീ പോലെ പടര്‍ന്ന ശേഷം പുറത്തേക്ക് വ്യാപിച്ച കെന്റ് ലോകത്താകമാനം വ്യാപിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് കോവിഡ്-19 ജീനോമിക്സ് യുകെ കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ഷാരോണ്‍ പീകോക്ക് പറഞ്ഞു. കെന്റില്‍ വീണ്ടും മാറ്റങ്ങള്‍ വന്ന് വാക്സിനെ പ്രതിരോധിക്കുന്ന രീതിയിലേക്കു വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.