ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ പതാകയെ അപമാനിച്ച് ഖലിസ്ഥാന്‍ (Khalistan) അനുകൂലികള്‍. ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിനെതിരായ (Amritpal Singh) നടപടികളില്‍ പ്രതിഷേധിച്ചെത്തിയ ജനക്കൂട്ടം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഓഫീസിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന ദേശീയ പതാക അഴിച്ചുമാറ്റുകയും ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ അക്രമകാരിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചെത്തിയ ഒരു സംഘം ആളുകളാണ് ഹൈക്കമീഷന്‍ ഓഫിസില്‍ അക്രമം അഴിച്ചുവിട്ടത്.
ലണ്ടനില്‍ കനത്ത സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നും സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ യുകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.