Saturday, June 19, 2021
Home News International കിഡ്‌നി വിറ്റ് ഐ ഫോണ്‍ വാങ്ങി; ഇപ്പോ ജീവിക്കുന്നത് ഡയാലിസിസ് മെഷീന്റെ സഹായത്തോടെ..

കിഡ്‌നി വിറ്റ് ഐ ഫോണ്‍ വാങ്ങി; ഇപ്പോ ജീവിക്കുന്നത് ഡയാലിസിസ് മെഷീന്റെ സഹായത്തോടെ..

ബെയ്ജിങ്: ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി കിഡ്‌നി ആരെങ്കിലും വില്‍ക്കുമോ? അതിനും തയ്യാറാവുന്ന ആളുകളുമുണ്ട്. പറഞ്ഞ് വരുന്നത് ഐ ഫോണ്‍4ഉം ഐപാഡ് 2ഉം വാങ്ങാനായി 2011ല്‍ 17കാരനായിരുന്ന ചൈനയി വാങ് ഷാങ്കുവിന്റെ കാര്യമാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ ഡയാലിസിസ് മെഷീന്റെ സഹായത്തോടെയാണ് ഇയാള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പ് ആപ്പിള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ നിരാശനായിരുന്ന ഷാങ്കുനിനെ ഒരാള്‍ ഓണ്‍ലൈനിലൂടെയാണ് അവയവദാനത്തിനായി സമീപിച്ചത്. നിര്‍ധന കുടുംബത്തില്‍ ജനിച്ച യുവാവ് തന്റെ കൂട്ടുകാരുടെ മുമ്പില്‍ ആളാവാന്‍ വേണ്ടിയാണ് കിഡ്‌നി വിറ്റ് ഐ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചത്. 20000 യുവാന്‍ (ഏകദേശം 2,27,310 ഇന്ത്യന്‍ രൂപ) ആയിരുന്നു ഓഫര്‍. കരാര്‍ ഉറപ്പിച്ച ശേഷം സെന്‍ട്രല്‍ ഹുനാന്‍ പ്രവിശ്യയില്‍ വെച്ച് ഇയാള്‍ നിയമവിരുദ്ധമായി ശസ്ത്രക്രിയക്ക് വിധേയനാവുകയായിരുന്നു. തനിക്ക് രണ്ട് കിഡ്‌നിയുടെ ആവശ്യമില്ലെന്നും ഒന്ന് തന്നെ ധാരാളമാണെന്നും ഇയാള്‍ ഒമ്പത് വര്‍ഷം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ വാര്‍ത്ത ഫോക്‌സ് ന്യൂസ് കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ട വേളയില്‍ രണ്ടാമത്തെ കിഡ്‌നിയില്‍ അണുബാധയുണ്ടാവുകയായിരുന്നു. ദിവസങ്ങള്‍ പുരോഗമിക്കും തോറും കാര്യങ്ങള്‍ വഷളായി. പിന്നാലെ കിടപ്പിലാകുകയും ഡയാലിസിസിന് വിധേയനാകേണ്ടി വരികയും ചെയ്തു. യുവാവിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയല്ല ശസ്ത്രക്രിയ നടത്തിയതെന്ന് വെബ്‌സൈറ്റ് റിപോര്‍ട്ട് ചെയ്തു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി. ശസ്ത്രക്രിയ നടത്തിയ സര്‍ജനടക്കം അഴിക്കുള്ളില്ലായി. കേസിനെത്തുടര്‍ന്ന് യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായി 3,00,000 ഡോളര്‍ ലഭിച്ചിരുന്നു.

Most Popular