ബെല്‍ഫാസ്റ്റ്: വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തര്‍ക്കിക്കുകയും യാത്രക്കാര്‍ക്കുനേരെ ചുമയ്ക്കുകയും ചെയ്ത് യുവതി. വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.
ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരോട് മോശമായി പെരുമാറിയ സ്ത്രീയെ പോലിസെത്തി ബലമായി പിടിച്ചു കൊണ്ടു പോയി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.