Saturday, November 26, 2022
HomeNewsInternationalമലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ രാജിവച്ചു

മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ രാജിവച്ചു

ക്വലാലംപൂര്‍: മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അസ്ഥിരതയ്‌ക്കൊടുവില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസീന്‍ രാജിവച്ചു. എന്നാല്‍, പിന്‍ഗാമിയായി ആര് വരുമെന്ന അനിശ്ചിതത്വം രാജ്യത്തെ വീണ്ടും അസ്ഥിരതയിലേക്കു നയിക്കുമെന്നാണ് ആശങ്ക.

17 മാസത്തെ സേവനത്തിനൊടുവിലാണ് മുഹ്‌യിദ്ദീന്‍ സ്ഥാനമൊഴിഞ്ഞത്. ഏറ്റവും കുറവ് കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന നേതാവാണ് മുഹ്‌യിദ്ദീന്‍. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ മുഹ്‌യിദ്ദീനെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി മലേഷ്യന്‍ രാജാവ് നിയോഗിച്ചു.

കോവിഡ് സാഹചര്യമായതിനാല്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത രാജാവ് അല്‍ സുല്‍ത്താന്‍ അബ്ദുല്ല തള്ളിക്കളഞ്ഞു. ഭൂരിക്ഷം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കരുതുന്ന പ്രധാനമന്ത്രിയെ തന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നാമനിര്‍ദേശം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മുഹ്‌യിദ്ദീനും അദ്ദേഹത്തിന്റെ മന്ത്രിസഭയും രാജിവച്ചൊഴിഞ്ഞത്. പുതിയ പ്രധാനമന്ത്രി വരുന്നത് വരെ ഭരണപരമായ ചുമതലകള്‍ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, പാര്‍ലമെന്റില്‍ ഒരാള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിക്കുമെന്ന കാര്യം അവ്യക്തമാണ്. പ്രതിപക്ഷവും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയും ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന കാര്യത്തില്‍ ഭിന്നതയിലാണ്.

മുഹ്‌യിദ്ദീന്റെ രാജി മലേഷ്യയിലെ പഴയ പാര്‍ട്ടിയായ യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷനെ(യുഎംഎന്‍ഒ) വീണ്ടും അധികാരത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2018ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടിരുന്നു.

യുഎംഎന്‍ഒ അംഗങ്ങളായ ഉപപ്രധാനമന്ത്രി ഇസ്മാഈല്‍ സബ്രി യാഖൂബ്, എംപി തെങ്കു റസാലേഗ് ഹംസ, മുന്‍വിദേശകാര്യ മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ALSO WATCH

Most Popular