ക്വാലാലംപൂര്‍: മലേഷ്യയുടെ ഒമ്പതാമത് പ്രധാനമന്ത്രിയായി ഇസ്മാഈല്‍ സാബ്രി യാഖൂബ് ശനിയാഴ്ച്ച അധികാരമേറ്റു. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് മുഹ്‌യിദ്ദീന്‍ യാസീന്‍ രാജിവച്ച് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് അധികാര ആരോഹണം.
മലേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച യുനൈറ്റഡ് മലായ്‌സ് നാഷനല്‍ ഓര്‍ഗനൈസേഷ(ഉംനോ)നിലെ തലമുതിര്‍ന്ന അംഗമാണ് ഇസ്മാഈല്‍ സാബ്രി. എന്നാല്‍, മലേഷ്യയില്‍ തുടരുന്ന രാഷ്ട്രീയ വടംവലിയില്‍ അദ്ദേഹത്തിന് അധിക കാലം ആയുസ്സുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
പൊതുവേ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇസ്മാഈല്‍ സാബ്രി മുഹ്‌യിദ്ദീന്റെ 17 മാസത്തെ ഭരണകാലത്താണ് പ്രധാന നേതാവെന്ന രീതിയിലേക്കു വളര്‍ന്നത്. പ്രതിരോധ മന്ത്രി എന്ന നിലയില്‍ കോവിഡ് മഹാമാരി സംബന്ധിച്ച് ദിവസേനയുള്ള വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നത് അദ്ദേഹമായിരുന്നു. ഭരണത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ ഉപപ്രധാന മന്ത്രിയായി നിയമിച്ചിരുന്നു.
സഖ്യത്തിലെ വ്യത്യസ്ത വിഭാഗങ്ങളുമായുള്ള നല്ല ബന്ധമാണ് പാര്‍മെന്റില്‍ ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കാന്‍ സഹായിച്ചത്. കോവിഡ് സാഹചര്യം കാരണം പുതിയൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യത രാജാവ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളയാള്‍ പ്രധാനമന്ത്രി പദവിയിലെത്തിയത്.
കിഴക്കന്‍ സംസ്ഥാനമായ പഹാങുകാരനായ ഇസ്മാഈല്‍ സാബ്രി രാഷ്ട്രീയത്തില്‍ വരും മുമ്പ് അഭിഭാഷകനായിരുന്നു. നേരത്തേ കൃഷിമന്ത്രി, ഗ്രാമീണ വികസന മന്ത്രി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.